നിലക്കലിലെയും പമ്പയിലെയും സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് പൊലീസ്
സംഘര്‍ഷം ഉണ്ടാക്കിയ 15 പേര്‍ക്കെതിരെ കസ്റ്റഡിയില്‍ എടുത്തു. 13 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിലക്കലിലും പമ്പയിലും ഉണ്ടായ സമരങ്ങള്‍ ആസൂത്രിതമാണെന്ന് പൊലീസിന്റെ വിലയിരുത്തല്‍. സംഘര്‍ഷം ഉണ്ടാക്കിയ 15 പേര്‍ക്കെതിരെ കസ്റ്റഡിയില്‍ എടുത്തു. 13 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അയ്യപ്പഭക്തരെന്ന വ്യാജേന എത്തുന്ന പ്രതിഷേധക്കാരാണ് സംഘര്‍ഷം ഉണ്ടാക്കുന്നതെന്ന് ജില്ല കലക്ടറും മീഡിയവണ്ണിനോട് പ്രതികരിച്ചു.
ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ വാഹനങ്ങള്‍ അടക്കം തടഞ്ഞ് പരിശോധിച്ചതും പൊലീസിന് നേരെ കല്ലെറിഞ്ഞതും കലാപം ഉണ്ടാക്കാനായി ആസൂത്രിതമായി നടത്തിയ നീക്കമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇന്റലിജന്‍സ് വിഭാഗവും ഈ കണ്ടെത്തലിലാണ് എത്തി നില്‍ക്കുന്നത്. മനഃപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 15 പേരെ പൊലീസ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തു. 13 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം വനിത മാധ്യമപ്രവര്‍ത്തകയെ മരക്കൂട്ടത്ത് തടഞ്ഞത് അയ്യപ്പഭക്തരെന്ന പേരിലെത്തിയ പ്രതിഷേധക്കാരാണെന്ന് പത്തനംതിട്ട ജില്ല കലക്ടറും മീഡിയവണ്ണിനോട് പറഞ്ഞു. ശബരിമലയിലേക്ക് എത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ദിവസം മാത്രമായി ഏര്‍പ്പെടുത്തിയിരുന്ന നിരോധനജ്ഞ നട അടയ്ക്കുന്നത് വരെ നീട്ടാനും ആലോചിക്കുന്നുണ്ട്. സുരക്ഷയ്ക്കായി കമാന്റോകള്‍ അടക്കമുളള കൂടുതല്‍ പൊലീസുകാരെ നിലയ്ക്കലിലും സന്നിധാനത്തും വിന്യസിക്കാനും തീരുമാനമുണ്ട്.