95ആം വയസ്സിലും തുടരുന്ന പോരാട്ടം..
അഴിമതിക്കും സ്ത്രീകൾക്കെതിരെയുള്ള ചുഷണങ്ങൾക്കെതിരെയും വി.എസിന്റെ പോരാട്ടങ്ങൾ ഈ പ്രായത്തിലും നിലച്ചിട്ടില്ല.
ഭരണ പരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദന് ഇന്ന് 95ആം പിറന്നാൾ. പതിവ് പോലെ ആഘോഷങ്ങളില്ലാതെയായിരിക്കും ഇത്തവണയും പിറന്നാൾ. അഴിമതിക്കും സ്ത്രീകൾക്കെതിരെയുള്ള ചുഷണങ്ങൾക്കെതിരെയും വി.എസിന്റെ പോരാട്ടങ്ങൾ ഈ പ്രായത്തിലും നിലച്ചിട്ടില്ല.
ആലപ്പുഴ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20നാണ് വി.എസ് അച്യുതാനന്ദന്‍ ജനിച്ചത്. നാലാം വയസ്സില്‍ അമ്മയും 11ആം വയസ്സില്‍ അച്ഛനും നഷ്ടപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടിൽ പഠനം പാതിവഴിയിൽ നിര്‍ത്തി. കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച വി.എസ് 95ആം വയസിലും സജീവമാണ്. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിലെന്ന പോലെ ജീവിതചര്യയിലും ചിട്ടനിർബന്ധമാക്കിയ നേതാവാണ് വി.എസ്. അതാണ് 95ആം വയസിലും വി.എസ് സജീവ രാഷ്ട്രീയത്തിൽ നിൽക്കുന്നതിന്റെ പ്രധാന കാരണം.
സി.പി.എം എന്ന പ്രസ്ഥാനത്തിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവ് ആര് എന്ന ചോദ്യത്തിന് ഇന്നും ഉള്ള ഒരേ ഒരു ഉത്തരം വി.എസ് എന്ന് മാത്രമാണ്. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സംഘടനയുടെ വേലിക്ക് പുറത്തേക്ക് പോകുമെന്ന് തോന്നിയ ഘട്ടങ്ങളിലെല്ലാം വി.എസിന് തുണയായതും ഈ ജനപ്രീതി തന്നെ. കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്ന് വ്യതിചലനമുണ്ടായാൽ ചോദിക്കാനാളുണ്ടെന്ന് തന്റെ പാർട്ടിക്കാരെ നിരന്തരം ഓർമ്മപ്പെടുത്തിയിരുന്ന വി.എസ്, അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങൾ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല.
സ്ത്രീകളെ ചൂഷണം ചെയ്തവർക്കും പരിസ്ഥിതിയെ നശിപ്പിക്കുന്നവർക്കുമെതിരെ വി.എസ് നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഭാഗവുമാണ്. പ്രായം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കുറച്ച് നാളായി അലട്ടാറുണ്ടെങ്കിലും നാടിനെ ബാധിക്കുന്ന വിഷയങ്ങളിൽ വി.എസിന്റെ നിലപാട് രാഷ്ട്രീയ കേരളത്തിൽ ഇപ്പോഴും പ്രസക്തമാണ്.