‘ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ടങ്കില്‍ കേന്ദ്രത്തോട് നിയമം കൊണ്ട് വരാന്‍ പറയൂ’; ബി.ജെ.പിയെ വെട്ടിലാക്കി കോണ്‍ഗ്രസ്
ശബരിമല സമരത്തിലൂടെ ലക്ഷ്യമിട്ട രാഷ്ട്രീയ നേട്ടത്തിന് ഈ പ്രചാരണം കോട്ടം സൃഷ്ടിക്കുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.
ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ബി.ജെ.പിയെ വെട്ടിലാക്കി. പറയുന്ന കാര്യത്തില്‍ ബി.ജെ.പിക്ക് ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കേന്ദ്രത്തിന് പരിമിതികളുണ്ടെന്ന് വിശദീകരിച്ച് ഇതിനെ പ്രതിരോധിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ ശബരിമല വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.
ശബരിമല സമരത്തിലൂടെ ലക്ഷ്യമിട്ട രാഷ്ട്രീയ നേട്ടത്തിന് ഈ പ്രചാരണം കോട്ടം സൃഷ്ടിക്കുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ഇതേതുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന് പരിമിതികളുണ്ടെന്ന വിശദീകരവുമായി ബി.ജെ.പി നേതൃത്വം രംഗത്ത് എത്തിയത്. ഇതിലൂടെ സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം നിലനിര്‍ത്താനാകുമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍. പ്രത്യക്ഷ സമരം വേണ്ടെന്ന കോണ്‍ഗ്രസിന്റെ എ.ഐ.സി.സി നിലപാട് ഉയര്‍ത്തി കാണിച്ച് തിരിച്ചടിക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യം ശക്തമായതോടെ എല്‍.ഡി.എഫിനേയും യു.ഡി.എഫിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്താമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലാണ് പിഴച്ചത്.