നടയടക്കുമെന്ന തന്ത്രിയുടെ നിലപാട് ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് കെ.പി.എം.എസ്
ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ കൊണ്ടൊന്നും നവോത്ഥാന പരിഷ്കരണങ്ങളെ തടയാനാകില്ലെന്ന് പുന്നല ശ്രീകുമാര്‍
സ്ത്രീകള്‍ കയറിയാല്‍ നട അടക്കുമെന്ന ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിനെ വിമര്‍ശിച്ച് കെ.പി.എം.എസ്. തന്ത്രിയുടെ പ്രസ്താവന കോടതിയ ലക്ഷ്യവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കൊണ്ടൊന്നും നവോത്ഥാന പരിഷ്കരണത്തെ പിന്നോട്ടടിക്കാനാകില്ലെന്നും പുന്നല ശ്രീകുമാര്‍ കൊച്ചിയില്‍ വ്യക്തമാക്കി. അതേസമയം പ്രശ്നത്തെ കലുഷിതമാക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേയും വകുപ്പ് മന്ത്രിയുടേയും പ്രസ്താവനകള്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആലുവയില്‍ കെ.പി.എം.എസ് ജില്ലാ കണ്‍വെന്‍ഷന്‍ വേദിയിലായിരുന്നു പുന്നല ശ്രീകുമാര്‍ ശബരിമല സ്രീ പ്രവേശന വിഷയത്തില്‍ വീണ്ടും നിലപാട് പറഞ്ഞത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന മുന്‍നിലപാട് ആവര്‍ത്തിച്ച കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി, സ്ത്രീകള്‍ പ്രവേശിച്ചാല്‍ നടയടക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിനേയും വിമര്‍ശിച്ചു.
അശുദ്ധി കല്‍പ്പിച്ച് സ്ത്രീകളെ മാറ്റി നിര്‍ത്താനാകില്ല. ശബരിമല പ്രശ്നത്തെ കലുഷിതമാക്കുന്നതില്‍ വകുപ്പ് മന്ത്രിയുടേയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്റേയും ചില പ്രസ്താവനകള്‍ കാരണമായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ കൊണ്ടൊന്നും നവോത്ഥാന പരിഷ്കരണങ്ങളെ തടയാനാകില്ലെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.