ശബരിമല സ്ത്രീപ്രവേശനം: കോടതിവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് വിമര്‍ശനം

പത്തിലേറെ യുവതികള്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയെങ്കിലും ആരേയും സന്നിധാനത്തെത്തിക്കാന്‍ പൊലീസിനായില്ല. പ്രതിഷേധം മറികടക്കാനായില്ലെങ്കില്‍ മണ്ഡലകാലവും സര്‍ക്കാറിന് വെല്ലുവിളിയാകും

Update: 2018-10-23 03:18 GMT
Advertising

പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഭരണഘടനാബെഞ്ചിന്‍റെ വിധി നടപ്പാക്കുന്നതില്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാറിന് പാളിച്ച പറ്റിയെന്ന് വിമര്‍ശനമുയരുന്നു. പത്തിലേറെ യുവതികള്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയെങ്കിലും ആരേയും സന്നിധാനത്തെത്തിക്കാന്‍ പൊലീസിനായില്ല. പ്രതിഷേധം മറികടക്കാനായില്ലെങ്കില്‍ മണ്ഡലകാലവും സര്‍ക്കാറിന് വെല്ലുവിളിയാകും.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ ബിജെപിയും ഹൈന്ദവ സംഘനടകളും ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാറിന് ആദ്യഘട്ടത്തില്‍ സാധിച്ചിരുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന നിലപാടില്‍ നിന്ന് ഒരിക്കല്‍പോലും പിന്നോട്ട് പോയതുമില്ല. അതുകൊണ്ടുതന്നെ തുലാമാസ പൂജകള്‍ക്കായി നട തുറന്നസമയത്ത് സ്ത്രീ പ്രവേശനം സര്‍ക്കാര്‍ സാധ്യമാക്കും എന്ന പ്രതീക്ഷയായിരുന്നു വിധിയെ അനുകൂലിച്ചവര്‍ക്ക്.

Full View

എന്നാല്‍ ആറ് ദിവസത്തിനിടെ 12 യുവതികള്‍ ദര്‍ശനത്തിനായി എത്തിയെങ്കിലും ഒരാളെപോലും നടപ്പന്തലിന് അപ്പുറം എത്തിക്കാന്‍ പൊലീസിന് ആയില്ല. വിശ്വാസികളില്‍ ഒരുവിഭാഗത്തെ കൂട്ടുപിടിച്ച് ബി.ജെ.പിയും ഹൈന്ദവ സംഘടനകളും നടത്തിയ അക്രമസമരത്തില്‍ പൊലീസും പലപ്പോഴും കാഴ്ചക്കാരായി നിന്നെന്നും വിമര്‍ശനമുയര്‍ന്നു.

ആക്ടിവിസ്റ്റുകള്‍ക്കെതിരായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പരാമര്‍ശങ്ങള്‌ തള്ളി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തെത്തിയതും ഈ വിഷയത്തിലെ അവ്യക്തത പ്രകടമാക്കുന്നതായിരുന്നു. സര്‍ക്കാറിന്‍റെ മുന്നിലുള്ള പ്രതിസന്ധി വ്യക്തമാക്കുന്നതായിരുന്നു ദേവസ്വം മന്ത്രിയുടെ ഇന്നലത്തെ പ്രതികരണം.

തിരുവിതാകംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ്ത്രീ പ്രവേശന വിഷയത്തിലെടുക്കുന്ന നിലപാടുകളും സര്‍ക്കാറിന് തലവേദനയാകുന്നുണ്ട്. സ്ര്തീപ്രവേശനത്തില്‍ പിറകോട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ

എല്ലാ കണ്ണുകളും വീണ്ടും സുപ്രീം കോടതിയിലേക്ക് നീളുകയാണ്. കോടതി, വിധിയിലുറച്ച് നിന്നാല്‍ അടുത്ത മണ്ഡലകാലമാകും സര്‍ക്കാറിന് മുന്നിലുള്ള അടുത്ത പരീക്ഷണഘട്ടം.

Tags:    

Similar News