ശബരിമല ഹരജികള്‍ സുപ്രീംകോടതി നവംബര്‍ 13ന് പരിഗണിക്കും
നിലവില്‍ 19 പുനപരിശോധന ഹരജികളും 4 റിട്ട് ഹരജികളുമാണ് കോടതിക്ക് മുന്നിലുള്ളത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അഭാവത്തില്‍, കേസ് പരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടന ബഞ്ചിനെ പുനസംഘടിപ്പിക്കേണ്ടതുമുണ്ട്.
ശബരിമല യുവതി പ്രവേശന വിധിക്കെതിരായ ഹരജികള്‍ സുപ്രീംകോടതി നവംബര്‍ പതിമൂന്നിന് പരിഗണിക്കും. തുറന്ന കോടതിയില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചുതന്നെ കേസ് പരിഗണിക്കാനാണ് സാധ്യത. ഹരജിക്കാര്‍ക്ക് ഒരു തവണകൂടി വാദങ്ങള്‍ കോടതിക്ക് മുന്നിലെത്തിക്കാനുള്ള അവസരം ഇതോടെ ലഭിക്കും.
സുപ്രീംകോടതി നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ ഹരജിക്കാര്‍ക്കായി ഹാജരായ അഭിഭാഷകര്‍ ഹരജികള്‍ സംബന്ധിച്ച് ശ്രദ്ധയില്‍ പെടുത്തിയപ്പോളായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ പ്രതികരണം. നിലവില്‍ 19 പുനപരിശോധന ഹരജികളും 4 റിട്ട് ഹരജികളുമാണ് കോടതിക്ക് മുന്നിലുള്ളത്. റിട്ട് ഹരജികള്‍ തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുകയെങ്കിലും നിലവിലെ സാഹചര്യം പരിഗണിച്ചാണ് പുനപരിശോധന ഹരജികളും തുറന്ന കോടതിയില്‍ പരിഗണിക്കുന്നത്.
റിട്ട് ഹരജികളില്‍ വിശദമായി തന്നെ വാദം കേള്‍ക്കും. എന്നാല്‍ ഗുരുതരമായ പിഴവ്, വിട്ടുപോയ തെളിവുകള്‍ അടക്കമുള്ളവ മാത്രമാകും പുനപരിശോധന ഹരജിയില്‍ ചൂണ്ടിക്കാട്ടാനാകുക. കേസ് പരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടന ബഞ്ചിനെ പുനസംഘടിപ്പിക്കേണ്ടതുമുണ്ട്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര പോയ ഒഴിവ് നികത്തിയായിരിക്കും പുനസംഘടിപ്പിക്കുക.
ശബരിമല മണ്ഡല കാലത്തിന് മുന്‍പേ ഹരജികളില്‍ വാദം കേള്‍ക്കും. നവംബര്‍ 17നാണ് മണ്ഡലകാലം ആരംഭിക്കുക.