ഒരു കാറിനെ വിഴുങ്ങും ഈ കുഴി: ആലുവയില്‍ ദേശീയപാതയില്‍ വന്‍ ഗര്‍ത്തം
ഗര്‍ത്തം സ്പീഡ് ട്രാക്കിൽ മധ്യഭാഗത്തായതു കൊണ്ട് മാത്രമാണ് ടയറുകളുടെ ഭാരം കുഴിയിൽ പതിയാതിരുന്നത്. അതുകൊണ്ട് തന്നെ വലിയ അപകടമാണ് ഒഴിവായത്.
ആലുവ ദേശീയപാതയില്‍ മുട്ടത്തിനടുത്ത് മെട്രോ തൂണിന് സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടു. തിരക്കേറിയ ദേശീയ പാതയിൽ സ്പീഡ് ട്രാക്കിലാണ് നൂറ് ചതുരശ്ര അടിയോളം വിസ്തീർണമുള്ള വലിയ ഗർത്തം രൂപപെട്ടത്. രണ്ടടിയോളം വ്യാസത്തിൽ ടാർ അടർന്ന് മാറിയപ്പോഴാണ് ഈ ഗർത്തം ദൃശ്യമായത്. ഒരു കാർ പൂർണമായും വീണ് കിടക്കാനുള്ള വലിപ്പമുണ്ട് ഈ കുഴിക്ക്.
കഴിയിലൂടെ നോക്കിയാൽ മെട്രോയുടെ പില്ലറുകളുടെ അടിത്തട്ട് കാണാം. ഗര്‍ത്തം സ്പീഡ് ട്രാക്കിൽ മധ്യഭാഗത്തായതു കൊണ്ട് മാത്രമാണ് ടയറുകളുടെ ഭാരം കുഴിയിൽ പതിയാതിരുന്നത്. അതുകൊണ്ട് തന്നെ വലിയ അപകടമാണ് ഒഴിവായത്.
രാവിലെ 9.00 മണിയോടെ ഇതിലെ കടന്നു പോയ ബൈക്ക് യാത്രികരാണ് വിവരം പൊലീസിനെ അറിയിച്ചത്.
നിലവില്‍ ഗര്‍ത്തം രൂപപ്പെട്ട ഭാഗത്ത് ഗതാഗതം തടഞ്ഞിട്ടുണ്ട്. കെ.എം.ആർ.എൽ, ദേശീയ പാത അധികൃതർ സ്ഥലത്തെത്തി കൂടുതല്‍ പഠനം നടത്തും.
പ്രളയത്തെത്തുടര്‍ന്ന് റോഡിനടിയിലെ മണ്ണിടിഞ്ഞ് പോയതാകാം ഈ ഗർത്തം രൂപപെടാൻ കാരണമെന്ന സംശയത്തിലാണ് അധികൃതര്‍.