കായംകുളം നഗരസഭയിലെ കയ്യാങ്കളിക്കിടെ കുഴഞ്ഞ് വീണ സി.പി.എം കൗണ്‍സിലര്‍ മരിച്ചു

ആശുപത്രിയില്‍ വെച്ച് മരിച്ചത് പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ അജയന്‍. കയ്യാങ്കളിയില്‍ പ്രതിഷേധിച്ച് നഗരസഭയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍

Update: 2018-10-25 08:06 GMT
Advertising

കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തിലെ കയ്യാങ്കളിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രകടനത്തിനിടെ കുഴഞ്ഞ് വീണ കൌണ്‍സിലര്‍ മരിച്ചു. 12 ആം വാര്‍ഡിലെ കൌണ്‍സിലര്‍ വി.എസ് അജയനാണ് ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ മരിച്ചത്. എല്‍.ഡി.എഫ് കൗൺസിലർമാർ ആക്രമിച്ചു എന്ന് ആരോപിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ കായംകുളം നഗരസഭയിൽ പുരോഗമിക്കുകയാണ്.

Full View

ബസ് സ്റ്റാന്റിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ ഉണ്ടായ തർക്കം ഭരണ പ്രതിപക്ഷങ്ങളുടെ വാക്കേറ്റത്തിലും കയ്യേറ്റത്തിലും കലാശിച്ചിരുന്നു. തുടർന്ന് നഗരസഭാ അധ്യക്ഷന്‍ അഭിവാദ്യം അർപ്പിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് അജയന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും പുലർച്ചെ നാലുമണിയോടെ അജയൻ മരിക്കുകയായിരുന്നു.

രാവിലെയോടെ തന്നെ മൃതദേഹം വീട്ടിൽ എത്തിച്ചു. ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ നഗരസഭയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം 4 മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം. കഴിഞ്ഞ ദിവസം കൗൺസിൽ യോഗത്തിൽ ഉണ്ടായ കയ്യാങ്കളിയിൽ ഇരുപക്ഷത്തെയും ഒമ്പത് കൗൺസിലർമാർക്ക് പരുക്ക് പറ്റിയിരുന്നു. ഇതിൽ പ്രതിക്ഷധിച്ച് യു.ഡി.എഫ് ഇന്ന് നഗരസഭാ പരിധിയിൽ ഹർത്താൽ ആചരിക്കുകയാണ്.

Tags:    

Similar News