വീണ്ടും പണിമുടക്കാനൊരുങ്ങി രാജ്യത്തെ ലോറി ഉടമകള്‍

ഈ സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്നാരോപിച്ചാണ് പണിമുടക്കിലേക്ക് നീങ്ങുന്നത്. 

Update: 2018-10-25 02:37 GMT
Advertising

വീണ്ടും പണിമുടക്കാനൊരുങ്ങി രാജ്യത്തെ ലോറി ഉടമകള്‍. ഈ വര്‍ഷം ജൂലായില്‍ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പണിമുടക്ക് ലോറി ഉടമകള്‍ നടത്തിയിരുന്നു. ഈ സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്നാരോപിച്ചാണ് പണിമുടക്കിലേക്ക് നീങ്ങുന്നത്. ഇതിന് പുറമെ ഡീസല്‍ വില വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ലോറി വാടക വര്‍ധിപ്പിക്കാനും ലോറി ഉടമകള്‍ തീരുമാനിച്ചു.

Full View

അടിയ്ക്കടിയുള്ള ഇന്ധനവില വര്‍ദ്ധനവിന് പരിഹാരം കാണുക, ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറയ്ക്കുക, അശാസ്ത്രീയമായ ടോളുകള്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജ്യവ്യാപകമായി ചരക്ക് ലോറി ഉടമകള്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നുറപ്പ് നല്കി. എന്നാല്‍ മൂന്ന് മാസം പിന്നിട്ടിട്ടും സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് അനുകൂല സമീപനമുണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും പണിമുടക്കാനൊരുങ്ങുന്നത്. നവംബര്‍ ആറിന് ശേഷം തിയ്യതി പ്രഖ്യാപിക്കും. ഇതിന് പുറമെ സംസ്ഥാനത്തെ ലോറി ഉടമകള്‍ വീണ്ടും വാടക വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ്. ഡീസല്‍ വിലവര്‍ദ്ധനവിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ലോറി വാടക അഞ്ച് ശതമാനം കൂട്ടിയിരുന്നു.

അടിക്കടിയുള്ള ഡീസല്‍ വില വര്‍ദ്ധനവ് ലോറി വ്യവസായത്തെ തകര്‍ക്കുകയാണെന്നും ലോറി ഉടമകള്‍ പറയുന്നു. സ്വകാര്യ ബസുകളെ പോലെ ഈ മേഖലയില്‍ നിന്നും ലോറികളും പിന്‍വാങ്ങി തുടങ്ങിയിട്ടുണ്ട്. ചരക്ക് ലോറികളുടെ വാടക വീണ്ടും വര്‍ദ്ധിക്കുന്നതോടെ പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യ സാധനങ്ങളുടെയെല്ലാം വില കൂടും.

Tags:    

Similar News