തിരുവനന്തപുരത്ത് സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു
രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന പന്ത്രണ്ട് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്
തിരുവനന്തപുരം വിഴിഞ്ഞം ചൊവ്വരയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് കുട്ടികൾക്ക് പരുക്ക്. പരുക്കേറ്റ കുട്ടികളെയും ഡ്രൈവറെയും സഹായിയെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. പട്ടം താണുപിള്ള മെമ്മോറിയൽ സ്‌കൂളിലെ മിനി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ചൊവ്വര കാവുനട റോഡിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ ബസിനുള്ളിൽ നിന്ന് പരിക്ക് പറ്റിയ 13 കുട്ടികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
റോഡ് വർഷങ്ങളായി തകർന്ന നിലയിലാണ്. തെക്കേകര കാനാലിന് സംരക്ഷണ ഭിത്തികളില്ല. കൂടാതെ റോഡും കനാലും തിരിച്ചറിയാനാകാത്ത വിധത്തിൽ ചെടികൾ വളർന്നു നിൽക്കുന്നു. ഈ കാരണങ്ങളെല്ലാമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കനാലിൽ വെള്ളമില്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.