ഡി.വൈ.എഫ്.ഐ പാലക്കാട് സമ്മേളനം ഇന്ന്; പി.കെ ശശിക്കെതിരെ നടപടിയെടുക്കാത്തത് ചര്‍ച്ചയാകും
സംഘടനയുടെ വനിതാ നേതാവ് ജില്ലയിലെ എം.എൽ.എക്കെതിരെ നൽകിയ ലൈംഗിക പീഡന പരാതിയും തുടർന്നുള്ള വിവാദങ്ങളും സ്വാഭാവികമായും ജില്ലാ സമ്മേളനത്തിൽ ചർച്ചയാവും
പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതി സംബന്ധിച്ച വിവാദം നിലനിൽക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും. വനിതാ നേതാവിന്റെ പരാതിയിന്മേൽ നടപടിയില്ലാത്തതിനെതിരെ വലിയ വിമർശനം സമ്മേളനത്തിൽ ഉയരുമെന്നാണ് സൂചന. എം സ്വരാജ് എം.എൽ.എ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
തൃത്താല മേഖലയിലെ കൂറ്റനാട്ടാണ് ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം നടക്കുക. സംഘടനയുടെ വനിതാ നേതാവ് ജില്ലയിലെ എം.എൽ.എക്കെതിരെ നൽകിയ ലൈംഗിക പീഡന പരാതിയും തുടർന്നുള്ള വിവാദങ്ങളും സ്വാഭാവികമായും ജില്ലാ സമ്മേളനത്തിൽ ചർച്ചയാവും. ഗൗരവ സ്വഭാവമുള്ള പരാതിയാണെന്ന് അംഗീകരിക്കുന്ന പ്രതികരണങ്ങൾ സി.പി.എം നേതാക്കളിൽ നിന്നുണ്ടായിട്ടും നടപടി വൈകുന്നതിനെതിരെ രൂക്ഷ വിമർശനമുണ്ടാവുമെന്നാണ് സൂചന.
വിഷയം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ സി.പി.എമ്മിൽ സജീവമാണെന്ന് സൂചനകളുണ്ട്. ഇക്കാര്യവും ഡി.വൈ.എഫ്.ഐ സമ്മേളനത്തിൽ വിമർശിക്കപ്പെടാനിടയുണ്ട്. ജില്ലയിലെ ഒരു വിഭാഗം ഡി.വൈ.എഫ്.ഐ നേതാക്കൾ പി.കെ ശശിയെ അനുകൂലിക്കുന്നവരാണ്. അതിനാൽ ശശിയെ അനുകൂലിച്ചും വാദങ്ങൾ ഉയരാനാണ് സാദ്ധ്യത.