സംഘപരിവാറിന്റെ സൈബര്‍ ആക്രമണം; നിയമനടപടിക്ക് ഒരുങ്ങി ബിന്ദു
സംഘപരിവാര്‍ നേതാക്കളും ചില മാധ്യമങ്ങളും നടത്തുന്ന ഈ പ്രചാരണത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ബിന്ദു പറഞ്ഞു.
തനിക്കെതിരായി വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ശബരിമലയില്‍ ദര്‍ശനത്തിനു പോയ ബിന്ദു. തന്റെ പേരില്‍ പോലും മാറ്റം വരുത്തി പ്രശ്നങ്ങളുണ്ടാക്കാനാണ് ചിലര്‍ ശ്രമം നടത്തുന്നത്. ശബരിമലയില്‍ പോകാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ബിന്ദു കോഴിക്കോട് പറഞ്ഞു.
ബിന്ദു സക്കരിയ എന്നാണ് തന്റെ പേരെന്നും താന്‍ മാവോയിസ്റ്റാണെന്നുമാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സംഘപരിവാര്‍ നേതാക്കളും ചില മാധ്യമങ്ങളും നടത്തുന്ന ഈ പ്രചാരണത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ബിന്ദു പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇക്കാര്യം സംബന്ധിച്ച് നേരിട്ട് പരാതി കൊടുക്കും. താന്‍ ശബരിമലയില്‍ പോകാനൊരുങ്ങിയതിനു പകരമായി മാതാപിതാക്കള്‍ പരിഹാരക്രിയകള്‍ ചെയ്തെന്ന പ്രചാരണം തെറ്റാണ്. ശബരിമലയില്‍ തനിക്ക് പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും ബിന്ദു ആരോപിച്ചു. അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് അട്ടപ്പാടിയിലെ സ്കൂളിലേക്ക് സ്ഥലം മാറ്റം നല്‍കിയതെന്നും അവര്‍ വിശദീകരിച്ചു.