അവിടെ 3000 കോടിക്ക് പ്രതിമ; ഇവിടെ 23 കോടിക്ക് 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭവനം

പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമയും മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ 192 ഫ്ലാറ്റുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച മുഖ്യമന്ത്രി പിണറായി വിജയനുമാണ് ചര്‍ച്ചാവിഷയം. 

Update: 2018-10-31 14:51 GMT
Advertising

ഒരേ ദിവസം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഉദ്ഘാടനം ചെയ്ത രണ്ടു വ്യത്യസ്ത പദ്ധതികളാണ് ഇന്ന് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത സര്‍ദാര്‍ പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമയും മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ 192 ഫ്ലാറ്റുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച മുഖ്യമന്ത്രി പിണറായി വിജയനുമാണ് ചര്‍ച്ചാവിഷയം.

പ്രതിമ ഗുജറാത്തിലും ഭവന സമുച്ചയം തിരുവനന്തപുരം മുട്ടത്തറയിലുമാണ്. പ്രതീക്ഷ എന്ന് പേരിട്ട 192 ഫ്ലാറ്റുകളാണ് മത്സ്യത്തൊഴിലാളികൾക്ക് സര്‍ക്കാര്‍ കൈമാറിയത്. മൂന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീതമുള്ള ഇരുപത്തിനാല് യൂണിറ്റുകളിലായാണ് 192 വീടുകളാണ് ഫിഷറീസ് വകുപ്പ് നിര്‍മ്മിച്ചത്. ഓരോ വീട്ടിലും രണ്ട് കിടപ്പുമുറികള്‍, ഒരു ഹാള്‍, ഒരു അടുക്കള എന്നീ സൗകര്യങ്ങളാണുള്ളത്. കടലിന് 50 മീറ്റർ ദൂരത്ത് താമസിക്കുന്നവരെയാണ് ആദ്യ ഘട്ടത്തിൽ പുനരധിവസിപ്പിച്ചത്. 23.25 കോടിയോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. സുരക്ഷിതമായ വീട് കിട്ടിയ സന്തോഷം മത്സ്യത്തൊഴിലാളികളും പങ്ക് വച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് നിർമ്മാണ ചുമതല നിർവഹിച്ചത്.

ഇതേസമയം, ഗുജറാത്തിലെ കെവാദിയയിലാണ് ഒരുമയുടെ പ്രതിമ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 182 മീറ്റര്‍ ഉയരമുള്ള വെങ്കലപ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്നാണ് കണക്കാക്കപ്പെടുന്നത്. നിര്‍മാണച്ചെലവ് 2900 കോടി രൂപ. ഏകതാ ദിവസ് ആയി ആചരിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തിലായിരുന്നു പ്രതിമയുടെ അനാച്ഛാദനം. വല്ലഭായിപട്ടേലിന്റെ 143 ആമത് ജന്‍മശതാബ്ദി ദിനത്തിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത്. 182 മീറ്റര്‍ ഉയരത്തില്‍ ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. ഗാലറിയും മ്യൂസിയവും അടക്കമുള്ള സൗകര്യങ്ങളും പ്രതിമയില്‍ ഉണ്ട്. സമീപത്ത് ഒരുക്കിയ ഐക്യത്തിന്റെ മതിലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ആദിവാസി വിഭാഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടെ ആയിരുന്നു പ്രതിമ അനാച്ഛാദനം. കൃഷിക്കായി വെള്ളം എത്തിക്കാമെന്ന ഉറപ്പ് പോലും പാലിക്കപ്പെടാത്തതാണ് കര്‍ഷക രോഷത്തിന് കാരണം. പ്രതിമക്ക് വേണ്ടി നശിപ്പിക്കപ്പെട്ട പ്രകൃതി വിഭവങ്ങളുടെ പേരില്‍ 22 ഗ്രാമമുഖ്യന്മാര്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് കാട്ടി പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ പുതിയ ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നത്.

ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണി കിടക്കുന്ന നാട്ടില്‍ 3000 കോടി രൂപ പൊടിച്ച് ആകാശംമുട്ടെ ഉയരത്തിലുള്ള പ്രതിമ നിര്‍മ്മിച്ചതിലെ അനൌചിത്യമാണ് സോഷ്യല്‍മീഡിയ ചോദ്യംചെയ്യുന്നത്. ഇതേദിവസം തന്നെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷയായി, അവര്‍ക്ക് സമര്‍പ്പിക്കപ്പെട്ട ഫ്ലാറ്റുകളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ ഒരുകൂട്ടര്‍ പ്രശംസിക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തില്‍ സാധാരണക്കാര്‍ക്ക് ഒരു ഗുണവുമില്ലാത്ത ഒരു പ്രതിമ 3000 കോടി രൂപ മുടക്കി നിര്‍മിച്ചതിന് പകരം ആ തുക കൊണ്ട് പാവപ്പെട്ടവര്‍ക്ക് തലചായ്ക്കാന്‍ വീടുകള്‍ നിര്‍മിച്ചിരുന്നെങ്കില്‍ അതൊരു പുണ്യമാകുമെന്നും സോഷ്യല്‍മീഡിയ പറയുന്നു.

Tags:    

Similar News