പീഡനക്കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ട പിതാവിന് ജാമ്യം

വെഞ്ഞാറംമൂട് സ്വദേശിനിയായ 17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ട പിതാവ് 7 മാസമായി ജയിലില്‍ കിടക്കുന്ന വാര്‍ത്ത മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Update: 2018-11-03 16:05 GMT
Advertising

മകളെ പീഡിപ്പിച്ച കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ട പിതാവിന് ജാമ്യം. പെണ്‍കുട്ടിയ പ്രസവിച്ച കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധനയില്‍ പിതാവല്ല പ്രതിയെന്ന തെളിഞ്ഞ പശ്ചാത്തലത്തിലാണ് ജാമ്യം ലഭിച്ചത്. വിചാരണ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈകോടതിയില്‍ ഹരജിയും നല്‍കി. അതേസമയം മാതാവ് പ്രതിയെന്ന് ആരോപിച്ച ബന്ധുവും നിരപരാധിയാണെന്ന വാദവുമായി പൊലീസിന് മുന്നിലെത്തി.

Full View

വെഞ്ഞാറംമൂട് സ്വദേശിനിയായ 17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ട പിതാവ് 7 മാസമായി ജയിലില്‍ കിടക്കുന്ന വാര്‍ത്ത മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡി.എന്‍.എ പരിശോധന നെഗറ്റീവ് ആയതോടെയാണ് പെണ്‍കുട്ടിയുടെ മാതാവ് പിതാവിനെ പുറത്തിറക്കാനായി നിയമ നടപടി തുടങ്ങിയത്. ഡി.എന്‍.എ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കി ജാമ്യ ഹരജയില്‍ കോടതി ജാമ്യം അനുവദിച്ചു. നടപടി പൂര്‍ത്തിയായാല്‍ പിതാവ് ജയില്‍ മോചിതനാകും.

കേസിലെ വിചാരണ റദ്ദാക്കണമെന്നാവശ്യപ്പെട്ടും മാതാവ് ഹൈകോടതിയിലെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെന്ന് മാതാവ് പരാതി നല്‍കിയ ബന്ധു നിരപരാധിയാണെന്ന് കാണിച്ച് അയാളുടെ കുടുംബവും രംഗത്ത് വന്നു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സമയത്ത് ആരോപണ വിധേയനായ ബന്ധു വിദേശത്തായിരുന്നു. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് കുടുംബം എസ്.പി ക്ക് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്.

കുടുംബപരമായ തര്‍ക്കമാണ് ആരോപണത്തിന് അടിസ്ഥാനമെന്നും ബന്ധുക്കള്‍ പറയുന്നു. പിതാവ് തെറ്റായി പ്രതി ചേര്‍ക്കപ്പെട്ടത് എങ്ങനെയാണെന്ന അന്വേഷണവും പുരോഗമിക്കുകയാണ്. തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ നിര്‍ദേശ പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം. മനുഷ്യാവകാശ കമ്മീഷനും ബാലവകാശ കമ്മീഷനും സ്വമേധയാ എടുത്ത കേസില്‍ തെളിവെടുപ്പ് നടത്തി.

Tags:    

Similar News