കല്ലട ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഭൂമിയില്‍ അനധികൃത മരംമുറി
നേരത്തെ ഭൂമി കയ്യേറി കൃഷി നടത്തിയ സ്വകാര്യവ്യക്തിയാണ് മരങ്ങളും മുറിച്ചത്.
കൊല്ലം കുളത്തൂപുഴയിലെ കല്ലട ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഭൂമിയില്‍ നിന്ന് സ്വകാര്യവ്യക്തികള്‍ വ്യാപകമായി മരങ്ങള്‍ മുറിച്ച് കടത്തി. മീന്‍ ഉത്പാദനകേന്ദ്രത്തിനായി വിട്ടുനല്‍കിയ ഭൂമിയില്‍ നിന്നാണ് അനധികൃതമായി മരങ്ങള്‍ മുറിച്ചത്. സംഭവത്തില്‍ പരാതി നല്‍ക്കാതെ മരത്തിന്റെ വില പിഴയായി ഈടാക്കി മരങ്ങള്‍ വിട്ടുനല്‍കാനാണ് തീരുമാനമെന്ന് കെ.ഐ.പി അധികൃതര്‍ അറിയിച്ചു.
കുളത്തുപ്പുഴ നെടുവന്നൂര്‍ കടവിലെ കല്ലട ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഭൂമിയില്‍ നിന്നാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള് മുറിച്ച് കടത്തിയത്. നേരത്തെ ഭൂമി കയ്യേറി കൃഷി നടത്തിയ സ്വകാര്യവ്യക്തിയാണ് മരങ്ങളും മുറിച്ചത്. കമുങ്, റബ്ബര്‍, തെങ്ങ് തുടങ്ങിവയാണ് വ്യാപകമായി മുറിച്ചത്. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയ ഭൂമിയില്‍ നിന്ന് അനധികൃതമായി മുറിച്ച മരങ്ങള്‍ നീക്കം ചെയ്യുന്നത് കെ.ഐ.പിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് തടഞ്ഞു.
പിന്നീട് പരാതി പിന്‍വലിച്ച കെ.ഐ.പി പിഴയീടാക്കി മരങ്ങള്‍ വിട്ടുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് കുളത്തൂപുഴ പൊലീസ് അറിയിച്ചു. അതേസമയം സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് സ്വകാര്യവ്യക്തികള്‍ അനധികൃതമായി മരങ്ങള്‍ മുറിച്ചിട്ടും പരാതിനല്‍കാത്തത് രാഷ്ട്രീയസമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആരോപണം ശക്തമാണ്.
നേരത്തെ കെ.ഐ.പിയുടെ ഭൂമി വ്യാപകമായി കയ്യേറിയെന്ന പരാതിയെ തുടര്‍ന്ന് ഭൂമി അളന്ന് കയ്യേറ്റം തിരിച്ചുപിടിച്ച് ജണ്ടകെട്ടിയിരുന്നു. അതിനുശേഷമാണ് പ്രദേശത്ത് നിന്ന് മരങ്ങള്‍ വ്യാപകമായി മുറിച്ച് കടത്തിയത്.