പാലയൂർ പള്ളി ക്രിസ്മസ് ആഘോഷം മുടക്കല്‍: എസ്‍ഐയെ സ്വന്തം വീടിനടുത്തേയ്ക്ക് സ്ഥലംമാറ്റി
ആരോപണം നേരിടുന്ന ചാവക്കാട് എസ്‌ഐ വിജിത്തിനെ മാറ്റിയത് തൃശൂർ പേരാമംഗലം സ്റ്റേഷനിലേക്ക്
തൃശൂർ: പാലയൂർ സെന്റ് തോമസ് പള്ളിയിൽ ക്രിസ്മസ് ആഘോഷം മുടക്കിയെന്ന് ആരോപണം നേരിട്ട എസ്‍ഐയ്‌ക്കെതിരെ നടപടി പേരിനു മാത്രം. ചാവക്കാട് എസ്‌ഐ വിജിത്തിനെ തൃശൂർ പേരാമംഗലത്തെ വീടനടുത്തുള്ള സ്റ്റേഷനിലേക്കാണു സ്ഥലം മാറ്റിയത്.
ക്രിസ്മസ് രാത്രിയിൽ പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിച്ചത് തടഞ്ഞ എസ്‌ഐയെ തുടക്കം മുതൽ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ആഘോഷം തടഞ്ഞെന്ന പരാതിയിലെ പൊലീസ് റിപ്പോര്‍ട്ടില്‍ എസ്‌ഐക്ക് ക്ലീൻചിറ്റ് നല്‍കിയിരുന്നു. ചാവക്കാട് എസ്‌ഐ വിജിത്ത് ചെയ്തത് നിയമപരമായി ശരിയാണെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. എസ്‌ഐക്കെതിരെ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.
എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലേക്കു സ്ഥലംമാറ്റുമെന്നായിരുന്നു നേരത്തെ സൂചനയുണ്ടായിരുന്നത്. എന്നാല്‍, ഉദ്യോഗസ്ഥനു തലോടല്‍ നല്‍കുന്ന പോലെയായിരുന്നു പേരിനുള്ള നടപടി. ഇതുവരെ ജോലി ചെയ്തിരുന്ന ചാവക്കാട് സ്റ്റേഷനിൽനിന്ന് പത്തു കിലോമീറ്റർ അകലെയാണ് വിജിത്തിന്റെ വീടുണ്ടായിരുന്നത്. സ്ഥലം മാറ്റിയതോടെ ദൂരം അഞ്ചു കിലോമീറ്ററായി കുറഞ്ഞിരിക്കുകയാണ്.
പള്ളിമുറ്റത്തെത്തി മൈക്ക് ഓഫ് ചെയ്യാനും കരോള്‍ ഗാനം നിർത്തിവെക്കാനും ആവശ്യപ്പെട്ട എസ്‌ഐയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കരോള്‍ മുടങ്ങിയത് എസ്‌ഐയുടെ ഭീഷണി മൂലമാണെന്ന് പള്ളി അധികൃതർ ആരോപിക്കുന്നത്.
Summary: Thrissur's Palayur St. Thomas Church Christmas celebrations disruptions case updates