'എല്ലാവരെയും പുറത്തെടുത്തപ്പോഴാണ് ഒരു കുട്ടി ബസിനടിയിൽപെട്ട് കിടക്കുന്നത് കണ്ടത്'
മുകൾ ഭാഗത്തെ റോഡില്‍നിന്നു രണ്ടു തവണ കീഴ്‍മേല്‍ മറിഞ്ഞ ശേഷമാണ് ബസ് സംസ്ഥാനപാതയില്‍ നിന്നത്
കണ്ണൂർ: ''ശബ്ദം കേട്ടാണ് ഓടിയെത്തിയത്. ആ സമയത്ത് ബസ് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ആളുകളെല്ലാം ഓടിയെത്തി വിദ്യാർഥികളെ പുറത്തെടുത്തു. കാണുമ്പോൾ കുട്ടികൾക്കൊന്നും കാര്യമായ പ്രശ്‌നമുണ്ടായിരുന്നില്ല.
അവസാനമാണ് ഒരു കുട്ടിയെ ബസിന്റെ അടിയിൽപെട്ട നിലയിൽ കണ്ടത്. പുറത്തെടുത്ത് ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു.''-കണ്ണൂരിൽ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ നടുക്കം മാറാതെ തൊട്ടടുത്തുള്ള വീട്ടിലെ ഷഫീഖ് പറഞ്ഞു.
നാട്ടുകാരെല്ലാം കൂടി ബസ് ഉയർത്തിയാണ് കുടുങ്ങുക്കിടന്ന കുട്ടികളെ രക്ഷിച്ചതെന്ന് ഒരു നാട്ടുകാരൻ പറഞ്ഞു. ഇതിനിടയിലാണ് ബസിനടിയിൽപെട്ട കുട്ടിയെ കണ്ടത്. മറ്റു കുട്ടികൾക്കു ചെറിയ പരിക്കുകളേ ഉണ്ടായിരുന്നുള്ളൂ. ബസ് ഡ്രൈവറെയും കുട്ടികളുടെ ആയയെയും കണ്ടിട്ടില്ല. കുട്ടികളെ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ. ചൊർക്കള ഭാഗത്ത് ഇറങ്ങേണ്ട കുട്ടിയാണു മരിച്ചതെന്നും നാട്ടുകാർ പറഞ്ഞു.
ശ്രീകണ്ഠാപുരത്തേക്കു പോകുന്ന സംസ്ഥാനപാതയ്ക്കു സമീപത്താണ് ഇന്നു വൈകീട്ട് നാലരയോടെ അപകടമുണ്ടായത്. ഇവിടെ കിരാത്ത് അങ്കണവാടി റോഡിലാണ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്. ഏതാനും വിദ്യാർഥികളെ വീടുകളിൽ ഇറക്കിയ ശേഷം മടങ്ങുംവഴി അമിത വേഗത്തിലെത്തിയ ബസ് വളവിൽ നിയന്ത്രണം വിട്ട് കീഴ്‌മേൽ പതിക്കുകയായിരുന്നു. മുകൾ ഭാഗത്തുനിന്ന് രണ്ടു തവണ മറിഞ്ഞ് സംസ്ഥാനപാതയിലാണ് ബസ് നിന്നത്.
അപകടത്തിന്റെ ആഘാതത്തിൽ പുറത്തേക്കു തെറിച്ചുവീണ് ബസിനടിയിൽപെട്ട കുട്ടിയാണു മരിച്ചത്. 20 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. 11 പേർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും ഏഴുപേർ താലൂക്ക് ആശുപത്രിയിലുമാണ്. ഒരാളെ പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ബസിന്റെ ഡ്രൈവറും കുട്ടികളെ നോക്കുന്ന ആയയും തളിപ്പറമ്പ് ആശുപത്രിയിലാണുള്ളത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥിരമായി ബസ് ഓടിക്കാറുണ്ട ഡ്രൈവറായിരുന്നില്ല ഇന്ന് ബസ് ഓടിച്ചത്. ഇയാൾ മദ്യപിച്ചിരുന്നതായും നാട്ടുകാർ ആരോപിക്കുന്നുണ്ട്. ബസിന്റെ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് കാലാവധി ഡിസംബർ 28ന് അവസാനിച്ചിരുന്നു.
Summary: Kannur Valakkai Chinmaya bus accident latest updates