യുവാവിന്റെ കൊലപാതകം; മൃതദേഹവുമായി റോഡ് ഉപരോധിച്ചു പ്രതിഷേധം
സംഭവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ തെറ്റാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി.
യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ തെറ്റാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
വാക്ക് തര്‍ക്കത്തിനിടെ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി റോഡിലേക്ക് പിടിച്ചു തള്ളിയ കൊടങ്ങാവിള കാവുവിളയില്‍ സനല്‍, കാറിടിച്ചാണ് മരിച്ചത്. സനലിന്‍റെ മരണത്തില്‍ ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകാര്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാല് മണിയോടെ വിലാപ യാത്രയായാണ് മൃതദേഹം നെയ്യാറ്റിന്‍കരയില്‍ എത്തിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും സനലിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഹരികുമാര്‍ സന്ദര്‍ശിച്ച വീട് പൊലീസ് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പരിശോധിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തു. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എസ്.പി കെ.എസ് വിമലിനാണ് അന്വേഷണ ചുമതല.
സംഭവമറിഞ്ഞ് നിരവധി രാഷ്ട്രീയ നേതാക്കള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷപ്പെടാന്‍ അനുവദിക്കാതെ ഡി.വൈ.എസ്.പിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഡി.ജി.പിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.