കെ.എം ഷാജിക്ക് തിരിച്ചടിയായത് വ്യക്തിഹത്യയും പരസ്പര വിരുദ്ധമായ സാക്ഷിമൊഴികളും
സരിതയുമായി അധാര്‍മിക ബന്ധമുണ്ട്, ബാര്‍ ഉടമയില്‍ നിന്ന് അനധികൃതമായി പണം പറ്റി, ചെറ്റക്കുടിലില്‍ നിന്ന മണിമാളികയിലേക്ക് ചേക്കേറിയത് അനധികൃത പണ സമ്പാദനത്തിലൂടെയാണ് തുടങ്ങിയ രീതികളിലുള്ള
ഹൈക്കോടതിയിലെ തിരഞ്ഞെടുപ്പ് ഹരജിയില്‍ കെ.എം ഷാജിക്ക് തിരിച്ചടിയായത് വ്യക്തിഹത്യയും പരസ്പര വിരുദ്ധമായ സാക്ഷിമൊഴികളും. മതത്തിന്റെ പേരില്‍ വോട്ട് ചെയ്യാനും എതിര്‍സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്താനും ഷാജി നടത്തിയ ശ്രമം ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റകരമെന്നും കോടതി കണ്ടെത്തി.
കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് ഹരജിയില്‍ നാല് വസ്തുതകള്‍ അക്കമിട്ട് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് അസാധുവാക്കുന്ന വിധി കോടതി പുറപ്പെടുവിച്ചത്. വോട്ടര്‍മാരുടെ സ്വതന്ത്ര വോട്ടവകാശത്തില്‍ നേരിട്ടോ അല്ലാതെയോ ഷാജി ഇടപെട്ടോയെന്നാണ് കോടതി ആദ്യം പരിശോധിച്ചത്. ഇത്തരമൊരു ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
ജാതി, മതം, സമുദായം, ഭാഷ എന്നിവയുടെ പേരില്‍ വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നതിലൂടെ തെരഞ്ഞെടുപ്പ് ക്രമേക്കട് നടത്തിയിട്ടുണ്ടോയെന്നാണ് കോടതി പിന്നീട് പരിശോധിച്ചത്. ഈ കുറ്റകൃത്യം നിലനില്‍ക്കുമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. തെറ്റാണെന്നും അസത്യമാണെന്നും അറിഞ്ഞുകൊണ്ട് എതിര്‍ സ്ഥാനാര്‍ഥിെയ വ്യക്തിഹത്യ നടത്തിയോയെന്ന് മൂന്നാമതായി കോടതി പരിശോധിച്ചു. സരിതയുമായി അധാര്‍മിക ബന്ധമുണ്ട്, ബാര്‍ ഉടമയില്‍ നിന്ന് അനധികൃതമായി പണം പറ്റി, ചെറ്റക്കുടിലില്‍ നിന്ന മണിമാളികയിലേക്ക് ചേക്കേറിയത് അനധികൃത പണ സമ്പാദനത്തിലൂടെയാണ് തുടങ്ങിയ രീതികളിലുള്ള പ്രചരണം വ്യക്തിഹത്യയാണെന്ന് കോടതി കണ്ടെത്തി.
സ്ഥാനാര്‍ഥിയും ഏജന്റും നേരിട്ട് ക്രമക്കേട് നടത്തിയതിന് തെളിവില്ലാതിരിക്കെ ഷാജിയെ തിരഞ്ഞെടുത്ത നടപടി അസാധുവാക്കല്‍ സാധ്യമാണോയെന്നാണ് കോടതി പിന്നീട് പരിശോധിച്ചത്. വിജയിച്ച സ്ഥാനാര്‍ഥിയോ തെരഞ്ഞെടുപ്പ് ഏജന്റോ പ്രവര്‍ത്തകരോ സ്ഥാനാര്‍ഥിയുടേയോ ഏജന്റിന്റെയോ സമ്മതത്തോടെ സ്വതന്ത്രമായ വോട്ടവകാശത്തില്‍ ഇടപെടുകയോ സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്ന് കോടതി വിലയിരുത്തി. ഷാജി ഹാജരാക്കിയ സാക്ഷികളുടെ മൊഴികള്‍ പരസ്പരവിരുദ്ധമായതും കോടതിയില്‍ തിരിച്ചടിയാകുകയായിരുന്നു.