പ്രശാന്തിന്റെ നടപടിക്ക് സാധൂകരണം; വാഹനം വാങ്ങിയ നടപടി സര്‍ക്കാര്‍ അംഗീകരിച്ചു

Update: 2018-11-10 07:02 GMT
Advertising

സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി മണല്‍ സ്ക്വാഡിനായി വാഹനങ്ങള്‍ വാങ്ങിയ മുന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ നടപടിക്ക് സര്‍ക്കാരിന്റെ അംഗീകാരം. കലക്ടറുടെ നടപടിക്ക് സാധൂകരണം നല്‍കുന്ന ഉത്തരവ് ഇന്നലെ സര്‍ക്കാര്‍ പുറത്തിറക്കി. കലക്ടര്‍ക്ക് എതിരായ ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സാധൂകരണം നല്‍കി കൊണ്ടുള്ള ഉത്തരവ്. ഇതോടെ പ്രശാന്ത് ഐഎഎസില്‍ നിന്നും ലക്ഷങ്ങളുടെ പിഴ ഈടാക്കണമെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ തള്ളിയെന്ന് കൂടി വ്യക്തമായി.

മുന്‍ കോഴിക്കോട് ജില്ലാകലക്ടര്‍ എന്‍ പ്രശാന്ത് സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് രണ്ട് ഫോഡ് ഫിഗോ ആസ്പിയര്‍ വാഹനങ്ങള്‍ വാങ്ങിയതായും ഇവ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് സര്‍ക്കാരിന് നഷ്ടം വരുത്തിയതായും ധനകാര്യ പരിശോധന വിഭാഗം റിപോര്‍ട്ട് നല്‍കിയിരുന്നു. ലക്ഷങ്ങള്‍ പ്രശാന്തില്‍ നിന്നും പിഴ ഈടാക്കാനുമുള്ള ശുപാര്‍ശ അടങ്ങിയ റിപോര്‍ട്ട് കഴിഞ്ഞ മാസം 11 നായിരുന്നു ധനകാര്യ അഡീഷണല്‍ സെക്രട്ടറി അനില്‍കുമാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. വിവരാവകാശ നിയമപ്രകാരം ഈ മാസം ഏഴിന് പരാതിക്കാരായ മലബാര്‍ ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീര്‍ ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇതിന് രണ്ട് ദിവത്തിന് ശേഷമാണ് വാഹനം വാങ്ങിയ നടപടി സാധൂകരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയത് . 2017 നവംബര്‍ 3 ലെ സംസ്ഥാന ഉന്നതല സമിതി തീരുമാനപ്രകാരമാണ് നടപടി സാധൂകരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

വാഹനം വാങ്ങിയ നടപടി സര്‍ക്കാര്‍ സാധൂകരിച്ചതോടെ വാഹനത്തിന്റെ വിലയും അതിന്റെ 18 ശതമാനം പലിശയും ഈടാക്കണമെന്ന ശിപാര്‍ശ നിലനില്‍ക്കില്ല. വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിന് 82680 രൂപ നേരത്തെ പ്രശാന്ത് ഐഎഎസ് അടച്ചിരുന്നു. ബാക്കി തുകയായ 2,08,673 രൂപ കൂടി അടയ്ക്കണമെന്നതടക്കമുള്ള ശിപാര്‍ശകളും ധനകാര്യ വകുപ്പ് പരിശോധന വിഭാഗം നല്‍കിയിരുന്നു.

Full View
Tags:    

Similar News