ആര്യാമ സുന്ദരം ഹാജരാകില്ല: ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി

ശബരിമല യുവതീ പ്രവേശ കേസില്‍ റിട്ടുകളും പുനഃപരിശോധന ഹരജികളും സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ദേവസ്വം ബോര്‍ഡിന് തിരിച്ചടിയായി മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരത്തിന്റെ പിന്മാറ്റം

Update: 2018-11-12 07:31 GMT
Advertising

ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ഹാജരാകില്ല. കേസില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടാണെന്ന് അഭിഭാഷകന്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. അഭിഭാഷകന്റെ പിന്മാറ്റത്തിന് പിന്നില്‍ യുവതി പ്രവേശത്തെ എതിര്‍ക്കുന്ന ഹിന്ദു സംഘടനയാണെന്ന് ദേവസ്വം ബോര്‍ഡ് ആരോപിച്ചു.

ശബരിമല യുവതീ പ്രവേശ കേസില്‍ റിട്ടുകളും പുനഃപരിശോധന ഹരജികളും സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ദേവസ്വം ബോര്‍ഡിന് തിരിച്ചടിയായി മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരത്തിന്റെ പിന്മാറ്റം. നേരത്തെ എന്‍.എസ്.എസിനായി ഹാജരായി യുവതീ പ്രവേശത്തെ എതിര്‍ത്ത് വാദിച്ചിട്ടുണ്ടെന്നതാണ് പിന്മാറ്റത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. യുവതീപ്രവേശത്തെ എതിര്‍ത്ത് ഹാജരാകാന്‍ വേറെയും കക്ഷികള്‍ ആര്യാമ സുന്ദരത്തെ സമീപിച്ചതായും സൂചനയുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുകയാണ് ദേവസ്വം ബോര്‍ഡ്.

കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വിയെ മാറ്റിയാണ് ദേവസ്വം ബോര്‍ഡ് ആര്യാമ സുന്ദരത്തെ നിയോഗിച്ചത്. കേസിലെ പുനഃപരിശോധന ഹർജികൾ പരിഗണിക്കാനുള്ള ബഞ്ച് സുപ്രീം കോടതി ഇന്ന് പുനഃസംഘടിപ്പിച്ചേക്കും. കേസിൽ വിധി പറഞ്ഞ അഞ്ചംഗ ബഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച സാഹചര്യത്തിലാണ് നടപടി.

Tags:    

Similar News