ഫ്രാങ്കോ മുളക്കല്‍ ജാമ്യത്തില്‍ തുടരുന്നത് അപകടകരമെന്ന് വി.എസ്
മത, രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ലൈംഗികാതിക്രമം തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
കന്യാസ്ത്രീക്കെതിരായ ലെെംഗികാതിക്രമ കേസില്‍ ഫ്രാങ്കോ മുളക്കല്‍ ജാമ്യത്തില്‍ തുടര്‍ന്നാല്‍ അത് തെളിവ് നശിപ്പിക്കുന്നതിന് കാരണമാകുമെന്ന് വി.എസ് അച്യുതാന്ദന്‍. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ‘സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗൺസിലി’ന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗികാതിക്രമ കേസില്‍ ‘സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍’ രണ്ടാംഘട്ട പ്രക്ഷോഭത്തിനാണ് ഒരുങ്ങുന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. ഫ്രാങ്കോ മുളക്കലിന്‍റെ ജാമ്യം റദ്ദാക്കുക, ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹമരണം അന്വേഷിക്കുക, കന്യാസ്ത്രീകളുടെയും സാക്ഷികളുടെയും സുരക്ഷ ഉറപ്പാക്കുക, സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന പി.സി ജോര്‍ജ് എം.എല്‍.എയുടെ നിയമസഭാംഗത്വം റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
ഫ്രാങ്കോ മുളക്കലിന്‍റെ ജാമ്യം റദ്ദാക്കാന്‍ നടപടി വേണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മത, രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ലൈംഗികാതിക്രമം തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ജെ. ദേവിക, സി.ആര്‍ നീലകണ്ഠന്‍, പി. ഗീത തുടങ്ങി നിരവധി പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.