രാമക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക്; രാജ്യം നീങ്ങുന്നത് വര്‍ഗീയ കലാപങ്ങളിലേക്കെന്ന് സായിനാഥ്
രാമക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് എന്നതാണ് സംഘ്പരിവാര്‍ അജണ്ട. രാജ്യത്തെ മുഴുവന്‍ സമയവും സംഘര്‍ഷങ്ങളില്‍ നിലനിര്‍ത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം.
അടുത്ത ഏപ്രില്‍ മാസത്തോടെ രാജ്യത്ത് വര്‍ഗീയ കലാപങ്ങളുണ്ടാകുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.സായിനാഥ്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേരിടാന്‍ പോകുന്നത് വലിയ തകര്‍ച്ചയാണ്. സംഘ്പരിവാര്‍ രാജ്യത്ത് കലാപങ്ങളും രക്തച്ചൊരിച്ചിലുകളും സൃഷ്ടിക്കുമെന്നും സായിനാഥ് പറഞ്ഞു. ‘മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
രാമക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് എന്നതാണ് സംഘ്പരിവാര്‍ അജണ്ട. രാജ്യത്തെ മുഴുവന്‍ സമയവും സംഘര്‍ഷങ്ങളില്‍ നിലനിര്‍ത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം. യഥാര്‍ത്ഥത്തില്‍ രാമക്ഷേത്രത്തിന്റെ പകരക്കാരനാണ്. തെരഞ്ഞെടുപ്പിന് മുന്‍പായി അവര്‍ക്കൊരിക്കലും രാമക്ഷേത്രം നിര്‍മ്മിക്കാനാകില്ല. അതുകൊണ്ട് അവര്‍ ശബരിമലയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. സംഘര്‍ഷങ്ങള്‍ ആസൂത്രണം ചെയ്ത് നൂറുകണക്കിന് ശബരിമലകള്‍ ഉണ്ടാക്കിയെടുക്കുകയാണ് അവരുടെ ലക്ഷ്യമെന്നും സായിനാഥ് പറഞ്ഞു.
ശബരിമല വിധിയില്‍ കോണ്‍ഗ്രസിന്‍റെ നിലപാടിനെയും സായിനാഥ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് വലിയ വിഡ്ഢിത്തമാണ് കാണിച്ചത്. അവര്‍ സംഘപരിവാറിനൊപ്പം കളിയിലേര്‍പ്പെട്ടിരിക്കുകയാണ്. തങ്ങള്‍ക്ക് കിട്ടിയിരുന്ന വലിയൊരളവ് പിന്തുണ ബി.ജെ.പിയിലേക്ക് പോകുമെന്ന് അവര്‍ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം വിലയിരുത്തി.
മോദി വേഴ്സസ് രാഹുല്‍ എന്ന സങ്കല്‍പം മാധ്യമങ്ങള്‍ മാറ്റണം. ദ്വന്ദ്വങ്ങളെ ആഘോഷിക്കുമ്പോള്‍ നമ്മള്‍ യഥാര്‍ഥ പ്രശ്നങ്ങളെ അവഗണിക്കുകയാണ്. അമിത് ഷായുടെ ആസ്തി അഞ്ച് വര്‍ഷം കൊണ്ട് 300 ശതമാനം വര്‍ധിച്ചെന്ന തെരഞ്ഞെടുപ്പ് സത്യവാങ്മൂലം സംബന്ധിച്ച വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് മൂന്ന് മണിക്കൂറിനകം പിന്‍വലിക്കേണ്ടിവന്നു. അമിത് ഷായുടെ ഓഫീസില്‍ നിന്ന് വന്ന ഒരു ഫോണ്‍ കോളിലായിരുന്നു തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിലെ വിവരമാണിതെന്ന് ഓര്‍ക്കണം. ഹിന്ദുസ്ഥാന്‍ ടൈംസിലും ഇതുതന്നെ സംഭവിച്ചു. തങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ വന്നാല്‍ നിമിഷങ്ങള്‍ക്കകമാണ് ഇടപെടലെന്നും സായിനാഥ് പറഞ്ഞു.