ശബരിമല യുവതീ പ്രവേശനം: സര്‍വകക്ഷിയോഗം പരാജയം
വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി എല്ലാ പാര്‍ട്ടികളുടെയും സഹായം അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനിലാണ് യോഗം ബഹിഷ്കരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ നിന്ന് യു.ഡി.എഫും ബി.ജെ.പിയും ഇറങ്ങിപ്പോയി. സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധിയില്‍ വെള്ളംചേര്‍ക്കാനില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചതിനെതുടര്‍ന്ന് ചര്‍ച്ച പ്രഹസനമാണെന്നാരോപിച്ച് പ്രതിപക്ഷം യോഗത്തില്‍ നിന്നിറങ്ങിപ്പോയി. സര്‍ക്കാര്‍ നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല.
മണ്ഡല മകര വിളക്കിനായി ശബരിമല നട നാളെ തുറക്കാനിരിക്കെയാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. പുനപരിശോധന ഹരജികള്‍ പരിഗണിക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചിരിക്കെ സാവകാശ ഹരജി ഉള്‍പ്പെടെയുള്ള സാധ്യതകള്‍ തേടണമെന്ന് യു.ഡി.എഫ് നേതാക്കളും ബി.ജെ.പി യും ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രിംകോടതി വിധി നടപ്പാക്കാതെ മറ്റു വഴികള്‍ സര്‍ക്കാരിനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷ നിലപാട്
വിധി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സാവകാശം തേടണമെന്നാണ് യുഡി.എഫ് ആവശ്യപ്പെട്ടത്. വിശ്വാസ സമൂഹത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ശബരിമല പ്രശ്നം പരിഹരിക്കാനുള്ള നല്ല അവസരമാണ് സര്‍ക്കാര്‍ പാഴാക്കിയത്. ശബരിമലയില്‍ ഉണ്ടാകാനിടയുള്ള അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരായിരിക്കുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രതികരണം
സുപ്രീംകോടതി എന്ത് തീരുമാനിച്ചാലും അത് നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന് മുന്‍പില്‍ മറ്റ് പോംവഴികളില്ല. സുപ്രീംകോടതി വിധി നടപ്പാക്കുന്നത് ദുര്‍വാശിയല്ല. വിശ്വാസികള്‍ക്ക് സംരക്ഷണമൊരുക്കുമെന്നും മുഖ്യമന്ത്രി യോഗത്തിന് ശേഷം പറഞ്ഞു.
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി എല്ലാ പാര്‍ട്ടികളുടെയും സഹായം അഭ്യര്‍ഥിച്ചു. എഴുതിത്തയ്യാറാക്കിയ 12 പേജുള്ള പ്രസ്താവന മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചു.
സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം
ശബരിമല ദര്‍ശനത്തിന് ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. യുവതികളുടെ ശബരിമല ദര്‍ശനത്തിന് പ്രത്യേക ദിവസങ്ങള്‍ നിശ്ചയിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ യുവതീ പ്രവേശനം അനുവദിക്കരുതെന്ന നിലപാടില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഉറച്ചുനില്‍ക്കുകയായിരുന്നു.
സര്‍വകക്ഷിയോഗം നാടകമെന്ന് ബി.ജെ.പി
സര്‍വകക്ഷിയോഗം നാടകമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. സര്‍ക്കാര്‍ മുന്‍വിധിയോടെയാണ് പ്രവര്‍ത്തിച്ചതെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. തിരക്കഥയ്ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. സി.പി.എമ്മിന്‍റെ ഭരണഘടനയല്ല രാജ്യത്ത് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 11 ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു സര്‍വകക്ഷി യോഗം. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന നിലപാടിലൂന്നിയായിരുന്നു മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗം തന്നെ. മറുപടി പ്രസംഗത്തിലും യാതൊരു വിട്ടിവീഴ്ച്ചയുടെ വര്‍ത്താനവും മുഖ്യമന്ത്രി പറഞ്ഞില്ല.