പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ്; എന്ത് സംഭവിച്ചാലും ഉത്തരവാദിത്വം സർക്കാരിനെന്ന് തൃപ്തി ദേശായി
നവംബര്‍ 17ന് ശബരിമലയില്‍ ദര്‍ശനം നടത്താനാണ് തൃപ്തിയുടെ തീരുമാനം. തനിക്കൊപ്പം ആറ് സ്ത്രീകള്‍ കൂടിയുണ്ടാകും. മല ചവിട്ടാതെ കേരളത്തില്‍ നിന്ന് തിരികെ പോകില്ലെന്നും തൃപ്തി വ്യക്തമാക്കി.
ശബരിമല ദര്‍ശനത്തിനെത്തുന്ന വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിക്ക് പൊലീസ് പ്രത്യേക സുരക്ഷ നല്‍കില്ല. എല്ലാ തീര്‍ഥാടകര്‍ക്കും നല്‍കുന്ന സുരക്ഷ ഒരുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന് മറുപടി നല്‍കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം.
മണ്ഡലകാല പൂജക്കായി നട തുറക്കുമ്പോൾ ദർശനത്തിനെത്തുമെന്നാണ് വനിതാവകാശ പ്രവർത്തക തൃപ്തി ദേശായി അറിയിച്ചത്. തനിക്കും കൂടെ ദർശനത്തിനെത്തുന്ന ആറ് യുവതികൾക്കും പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തും നല്‍കിയിരുന്നു. എന്നാൽ ഈ കത്തിന് മറുപടി നൽകേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കേണ്ടതില്ലെന്നും മറ്റ് തീർത്ഥാടകർക്ക് നൽകുന്ന സുരക്ഷ ഉറപ്പാക്കുമെന്നുമാണ് പൊലീസ് നിലപാട്.
സുരക്ഷ ഒരുക്കിയില്ലെങ്കിലും ദർശനത്തിന് എത്തുമെന്ന് തൃപ്തി ദേശായി വ്യക്തമാക്കി. ഏഴ് സ്ത്രീകൾ ദര്‍ശനത്തിനെത്തുന്നത് കാരണമാണ് സുരക്ഷ തേടിയത്. എന്ത് സംഭവിച്ചാലും ഉത്തരവാദിത്വം സർക്കാരിനാണെന്നും തൃപ്തി ദേശായി പറഞ്ഞു. ദർശനത്തിന് എത്തുമെന്ന തീരുമാനം തൃപ്തി ദേശായി കടുപ്പിച്ചതോടെ പൊലീസ് കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
ആരാധനാലയങ്ങളില്‍ എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ നിയമ നടപടികളിലൂടെയാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശ്രദ്ധേയയായത്.