ശബരിമല പകലും പൊലീസ് നിയന്ത്രണം
ഉച്ചക്ക് 12 മുതല്‍ രണ്ട് മണിവരെ ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കയറ്റിവിടില്ല
ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് പകലും പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചപൂജക്ക് ശേഷം നട അടക്കുന്നതിനാല്‍ പന്ത്രണ്ടു മണി മുതല്‍ രണ്ട് വരെ പമ്പയില്‍ നിന്നും സന്നിധാനത്തേക് അയ്യപ്പഭക്തരെ കടത്തി വിടുന്നത് തടഞ്ഞു. നിലയ്ക്കലില്‍ നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും നിയന്ത്രണമുണ്ട്.
സന്നിധാനത്ത് കൂടുതല്‍ ആളുകള്‍ തങ്ങുന്നത് തടയാനാണ് പകല്‍ സമയത് കൂടി പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചപൂജക്ക് ശേഷം നട അടക്കുന്നതിനാല്‍ ഭക്തരെ 12 മണി മുതല്‍ രണ്ടു മണി വരെ പമ്പയില്‍ തടഞ്ഞു. നേരത്തെ അറിയിപ്പ് നല്‍കാതെ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ ഭക്തരെയും വലച്ചു.
നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കുള്ള ബസുകളും പൊലീസിന്റെ നിര്‍ദേശ പ്രകാരം ഉച്ചക് ഒരു മണിക്കൂര്‍ സര്‍വീസ് നിര്‍ത്തി വെച്ചിരുന്നു. പമ്പയില്‍ നിന്നും ഭക്തരുടെ തിരക്ക് കുറയുന്നതനുസരിച്ചാണ് ബസുകള്‍ കടത്തി വിടുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക് പോലും സൗകര്യങ്ങള്‍ കുറവായ പമ്പയില്‍ ഭക്തരെ തടയുന്നത് പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.നിലവില്‍ രാത്രി 9.30 മുതല്‍ പുലര്‍ച്ചെ രണ്ട് വരെ അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്തേക്ക് വരുന്നതിന് നിയന്ത്രണമുണ്ട്.