പ്രതിഷേധക്കാരുടെ ഭീഷണി കാരണം ശബരിമലയിലെ സ്ത്രീപ്രവേശ വിധി നടപ്പാക്കാനായില്ല; ദേവസ്വം ബോര്‍ഡ് സാവകാശ ഹരജി നല്‍കി
സുരക്ഷ ഒരുക്കിയിട്ടും യുവതികളായ തീർത്ഥാടകരെ ഭീഷണിപ്പെടുത്തുന്നതും തടയുന്നതും തുടരുകയാണ്. വിധി നടപ്പാക്കാന്‍ ഇപ്പോള്‍ പ്രായോഗിക ബുദ്ധിമുട്ടുകളെന്ന് ബോർഡ് സാവകാശ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി
ശബരിമല യുവതീ പ്രവേശന വിധി വന്നതോടെ ഗുരുതര ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. മുന്‍പെങ്ങുമില്ലാത്ത വിധം സുരക്ഷ ഒരുക്കിയിട്ടും യുവതികളായ തീർത്ഥാടകരെ ഭീഷണിപ്പെടുത്തുന്നതും തടയുന്നതും തുടരുകയാണെന്ന് ബോര്‍ഡ് സാവകാശ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ അപര്യാപ്തത കൂടി കണക്കിലെടുത്ത് വിധി നടപ്പാക്കുന്നതിന് സാവകാശം അനുവദിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം.
സെപ്തംബര്‍ 28നാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചത്. ഈ വിധി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ഇപ്പോള്‍ പ്രായോഗിക ബുദ്ധിമുട്ടുകളെന്ന് ബോർഡ് സാവകാശ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയോട് ചില വ്യക്തികളും രാഷ്ട്രീയ പാർട്ടികളും അതിശക്തമായി പ്രതികരിച്ചതോടെ ശബരിമലക്ക് ചുറ്റും ഗുരുതര ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായി. ചിത്തിര ആട്ട സമയത്തും തുലാമാസത്തിലും നട തുറന്നപ്പോൾ യുവതികൾ ദര്‍ശനത്തിനെത്തി. പക്ഷേ പ്രതിഷേധം കാരണം മടങ്ങി.
ഈ മാസം 16ന് തുടങ്ങിയ മണ്ഡലകാല സീസണില്‍ ആയിരത്തോളം യുവതികൾ ദർശനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തേണ്ടത് പ്രാഥമിക ഉത്തരവാദിത്വമാണ്. എന്നാല്‍ നിലവിൽ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ആകില്ല. മുന്‍പില്ലാത്ത വിധം സുരക്ഷ ഒരുക്കിയിട്ടും യുവതികളായ തീർത്ഥാടകരെ ഭീഷണിപ്പെടുത്തുന്നതും തടയുന്നതും തുടരുകയാണെന്നും അപേക്ഷയില്‍ പറയുന്നു.
പ്രളയ ശേഷം തകര്‍ന്ന കെട്ടിടങ്ങളുടെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആകാത്ത സാഹചര്യവും ദേവസ്വം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ വിധി നടപ്പാക്കാൻ സാവകാശം അനുവദിച്ചു ഉത്തരവ് ഇറക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.