‘ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത’; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛന്‍ കെ.സി ഉണ്ണി ഡിജിപിക്ക് കത്ത് നല്‍കി.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ബാലഭാസ്കറിന്റെ അച്ഛന്‍ സി.കെ ഉണ്ണി പരാതി നല്‍കി.ഡ്രൈവറുടെയും ഭാര്യയുടെയും മൊഴികളിലെ വൈരുദ്ധ്യം അന്വേഷിക്കണമെന്നാണ് ആവശ്യം.
അപകടസമയത്ത് വണ്ടി ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ നല്‍കിയ മൊഴി. കൊല്ലത്ത് നിന്ന് ജ്യൂസ് കുടിച്ച ശേഷമുള്ള സംഭവങ്ങള്‍ ഓര്‍മയില്ലെന്നും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് കള്ളമാണെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.
ദീര്‍ഘ ദൂരയാത്രകളില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ല. അപകട സമയത്ത് അദ്ദേഹം പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. താനും കുഞ്ഞും മുന്‍സീറ്റിലാണ് ഇരുന്നതെന്നും അവര്‍ മൊഴി നല്‍കിയരിുന്നു. അര്‍ജുന്‍ വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെയും ഡിിജിപിയെയും സമീപിച്ചിരിക്കുന്നത്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട ചില സംശയങ്ങളും പിതാവ് പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. മൊഴിയിലെ വൈരുദ്ധ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബര്‍ ഇരുപത്തിയഞ്ചിനുണ്ടായ അപകടത്തില്‍ പരിക്കേറ്റ ബാലഭാസ്കര്‍ കഴിഞ്ഞ മാസം രണ്ടിന് മരണത്തിന് കീഴടങ്ങുകയായിരുന്നു.