ആചാരത്തിന്റെ ഭാഗമാണെന്ന തെറ്റിദ്ധാരണ; തീർത്ഥാടകർ വസ്ത്രം ഉപേക്ഷിച്ച് പോവുന്നത് മൂലം മലിനമായി പമ്പാ നദി
തീർത്ഥാടനത്തിനുപയോഗിച്ച വസ്ത്രങ്ങൾ പമ്പയിൽ ഉപേക്ഷിക്കണമെന്നത് ആചാരത്തിന്റെ ഭാഗമല്ല. എന്നാൽ പല ഭക്തർക്കിടയിലും ഇത് ആചാരത്തിന്റെ ഭാഗമാണെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്.
തീർത്ഥാടകർ വസ്ത്രം ഉപേക്ഷിച്ച് പോവുന്നത് മൂലം പമ്പാ നദി മലിനമാവുന്നത് രൂക്ഷമാവുന്നു. വസ്ത്രം ഉപേക്ഷിക്കുന്നതിനെതിരെ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും നദിയിൽ വസ്ത്രങ്ങൾ കുമിഞ്ഞ് കൂടുന്നതിന് യാതൊരു കുറവുമില്ല. ശബരിമല ദർശനത്തിലെ ആചാരത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിച്ചാണ് പലരും വസ്ത്രം ഉപേക്ഷിക്കുന്നത്.
കഴിഞ്ഞ പ്രളയത്തിൽ പമ്പാനദിയും പരിസരവും ഏതാണ്ട് പൂർണ്ണമായും തകർന്ന അവസ്ഥയിലായിരുന്നു. വൻ തോതിൽ മണൽ നിറഞ്ഞിരിക്കുന്നതിനാൽ നദിയിൽ നീരൊഴുക്ക് നന്നേ കുറവാണ്. ദിനംപ്രതി പതിനായിരക്കണക്കിന് ഭക്തരാണ് പമ്പാ സ്നാനത്തിനായി നദിയിലിറങ്ങുന്നത്. ഇവരിൽ പലരും വസ്ത്രം നദിയിൽ ഉപേക്ഷിച്ചതിന് ശേഷമാണ് മല കയറുന്നത്. ഇത്തരത്തിൽ വൻ തോതിൽ വസ്ത്രങ്ങൾ അടിഞ്ഞ് കൂടുന്നതാണ് പമ്പ നദിയിലെ മാലിന്യ പ്രശ്നം രൂക്ഷമാക്കുന്നത്. കൂടുതലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് വിശ്വാസത്തിന്റെ പേരിൽ നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത്.
തീർത്ഥാടനത്തിനുപയോഗിച്ച വസ്ത്രങ്ങൾ പമ്പയിൽ ഉപേക്ഷിക്കണമെന്നത് ആചാരത്തിന്റെ ഭാഗമല്ല. എന്നാൽ പല ഭക്തർക്കിടയിലും ഇത് ആചാരത്തിന്റെ ഭാഗമാണെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. നദിയിൽ വസ്ത്രം ഉപേക്ഷിക്കുന്നതിനെതിരെ ശക്തമായ നിയമങ്ങൾ നിലവിലുണ്ട്. എന്നാൽ വിശ്വാസത്തിന്റെ ഭാഗമാണെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നതിനാൽ നിയമം നടപ്പിലാക്കുന്നത് പലപ്പോഴും അപ്രായോഗികമാണ്. ഭക്തർക്കിടയിൽ കാര്യമായ ബോധവൽക്കരണം നടത്തുക എന്നതാണ് ഏക പോംവഴി.