സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് 21 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
23 പേര്‍ക്ക് നിപ ബാധിച്ചെന്നും 21 പേര്‍ മരിച്ചെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് ഇരുപത്തിയൊന്ന് പേര്‍ മരിച്ചതായി ഗവേഷണ റിപ്പോര്‍ട്ട്. 17 പേര്‍ മരിച്ചുവെന്നാണ് കേരള സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക്. സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് സര്‍ക്കാര്‍ കണക്കിന് വിരുദ്ധമായ കണ്ടെത്തല്‍. പതിനാലംഗ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.
പേരാമ്പ്ര സ്വദേശി സ്വാലിഹാണ് നിപ വൈറസ് ബാധിച്ച് മരിച്ച ആദ്യ വ്യക്തി. സ്വാലിഹിന് മുന്‍പ് മരിച്ച സഹോദരന്‍ സാബിത്തിന്റെ മരണ കാരണം നിപയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണക്കുകള്‍ പുറത്ത് വന്നത്. 19 പേര്‍ക്ക് വൈറസ് ബാധയുണ്ടായി .അതില്‍ 17 പേര്‍ മരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകള്‍. മെയ് അഞ്ചിന് മുന്പ് മരിച്ച അഞ്ച് പേര്‍ക്കും നിപ വൈറസ് ബാധയുണ്ടായി എന്ന അനുമാനമാണ് മെഡിക്കല്‍ ജേര്‍ണല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റേഡിയോളജി അസിസ്റ്റന്റ് ഉള്‍പ്പെടെ രണ്ട് മരണം, പേരാമ്പ്ര താലൂക്കാശുപത്രി, ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഉണ്ടായ മൂന്ന് മരണം ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചത് നിപ വൈറസ് ബാധയെ തുടര്‍ന്നാണെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍. ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, വൈറോളജി ശാസ്ത്രജ്ഞന്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടുന്ന 14 അംഗ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പുറത്ത് വിട്ടത്.