ഇന്നും പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
വിഷയത്തില്‍ 8 മണിക്കൂര്‍ ചര്‍ച്ച നടന്നുവെന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ സ്പീക്കര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
ശബരിമല വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് തുടർച്ചയായ മൂന്നാം ദിവസം പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ചോദ്യോത്തരവേള റദ്ദ് ചെയ്ത്,അടിയന്തിര പ്രമേയം ചർച്ച ചെയ്യണമെന്നാവശ്യം സ്പീക്കർ നിരാകരിച്ചതോടെയാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സ്പീക്കർ സംരക്ഷിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യമായിരുന്നു ആദ്യ ദിനം പ്രതിപക്ഷം മുന്നോട്ട് വച്ചതെങ്കിൽ, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവായിരിന്നു ഇന്നും ഇന്നലെയും പ്രതിപക്ഷം അടിയന്തിര പ്രമേയമായി കൊണ്ട് വന്നത്. ഇന്നലത്തേതിന് സമാനമായ സാഹചര്യമാണ് ഇന്നുമുണ്ടായത്. ചോദ്യോത്തരവേള റദ്ദ് ചെയ്തത് അടിയന്തിര പ്രമേയം പരിഗണിക്കുക, ഇല്ലെങ്കിൽ ശൂന്യവേളയിൽ അത് പരിഗണിക്കാമെന്ന് ഉറപ്പ് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷ നേതാവ് മുന്നോട്ട് വച്ചത്.
എന്നാൽ സ്പീക്കർ ഇത് അംഗീകരിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ചു. ഇതോടെ ചോദ്യോത്തരവും സബ്മിഷനും ശ്രദ്ധ ക്ഷണിക്കലും റദ്ദാക്കി സഭ വേഗത്തിൽ പിരിഞ്ഞു.