യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികള്‍ക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും
കേസില്‍ 2 എസ്.ഡി.പി.ഐ പ്രവർത്തകർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു .
കോഴിക്കോട് വേളത്തെ യൂത്ത് ലീഗ് പ്രവർത്തകൻ പുത്തലത്ത് നസറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. കേസിലെ ഒന്നും രണ്ടും പ്രതികളായിരുന്ന കപ്പച്ചേരി ബഷീർ, കൊല്ലിയില്‍ അന്ത്രു എന്നിവരെയാണ് കോഴിക്കോട് ജില്ലാ അഡീഷണല്‍ സെഷൻ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2016 ജൂലായ് 15നാണ് വേളത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനായ നസിറുദ്ദിന്‍ കൊല്ലപ്പെടുന്നത്. നസറുദ്ദിനും ബന്ധു അബ്ദുള്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെ പ്രതികള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ തടഞ്ഞ് നിര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ഏഴ് പേരാണ് പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മറ്റ് അഞ്ച് പേരെയും കോടതി വെറുതെ വിട്ടു.
ഒന്നും രണ്ടും പ്രതികളെ രക്ഷപെടാന്‍ സഹായിച്ചെന്ന കുറ്റം ചുമത്തി പ്രതി ചേർത്തിരുന്ന ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ്, നടുപുത്തലത്ത് റഫീഖ്, സാദിഖ് ടി.വി.സി, മുഹമ്മദ് സി.കെ, സാബിത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത് .2016 നവംബർ 8 നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ആകെ 47 സാക്ഷികളായിരുന്നു ഉണ്ടായിരുന്നത്. അഡ്വ. സി.കെ ശ്രീധരനാണ് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.