കാണിക്ക ഇടരുതെന്ന് പറയുന്നതും ആചാരലംഘനം: സംഘപരിവാറിനെതിരെ കടകംപള്ളി
ദൈവത്തിലും മനുഷ്യനിലും വിശ്വാസമില്ലാത്ത സംഘപരിവാറുകാര്‍ നാസ്തികരെക്കാള്‍ വലിയ നാസ്തികരായി മാറിയെന്നും കടകംപള്ളി സുരേന്ദ്രന്‍
ആചാര സംരക്ഷണമെന്ന സംഘപരിവാറിന്റെ ആശയത്തെ അതേ നാണയത്തില്‍ തിരിച്ചടിച്ച് സര്‍ക്കാര്‍. സ്ത്രീ പ്രവേശം ആചാരലംഘനമെന്ന് പറയുന്ന സംഘപരിവാര്‍, കാണിക്ക ഇടരുതെന്ന് പറയുന്നതും ആചാരലംഘനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സര്‍ക്കാര്‍ ആചാരലംഘനത്തിന് കൂട്ടുനില്‍ക്കുന്നുവെന്നും ഹൈന്ദവരുടെ വികാരത്തെ മാനിക്കുന്നില്ല എന്നുമാണ്, ശബരിമല വിഷയത്തില്‍ സംഘപരിവാറിന്റെ പ്രധാന പ്രചാരണം. ഇതിനെ അതേ രീതിയില്‍ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍. കാണിക്ക സമര്‍പ്പിക്കരുതെന്ന് പറയുന്ന സംഘപരിവാര്‍, വരുമാനം കുറച്ച് ക്ഷേത്രങ്ങളെ കൈപ്പിടിയിലാക്കാനാണ് ശ്രമിക്കുന്നത്. കാണിക്കയുടെ മൂല്യം അളക്കാന്‍ കഴിയില്ല. അത് ഭക്തന്റെ ആത്മസമര്‍പ്പണമാണ്. ദൈവത്തിലും മനുഷ്യനിലും വിശ്വാസമില്ലാത്ത സംഘപരിവാറുകാര്‍ നാസ്തികരെക്കാള്‍ വലിയ നാസ്തികരായി മാറിയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും ഇതേ പദ്ധതിയായിരുന്നു ഇവര്‍ക്ക്. ഈ വര്‍ഷം ഉത്സവ വേളകളില്‍ അക്രമങ്ങള്‍ നടത്തിയതും ഇതേ ലക്ഷ്യം വച്ചായിരുന്നു. ശബരിമലയില്‍ പ്രതിവര്‍ഷം പരമാവധി എത്തുന്നത് ഒരു കോടി ഭക്തരാണ്. ഇത് അഞ്ച് കോടിക്ക് മുകളിലാണെന്നൊക്കെ അനാവശ്യമായി പ്രചരിപ്പിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.