ഭിന്നശേഷിക്കാര്‍ക്ക് ഓടിക്കാവുന്ന രീതിയിലേക്ക് കാറുകളില്‍ മാറ്റം വരുത്തി ബിജു വര്‍ഗീസ്
നിയമ തടസ്സങ്ങള്‍ നിരവധി ഉണ്ടായെങ്കിലും ഇത്തരത്തില്‍ വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനുള്ള ലൈസന്‍സ് ബിജു സ്വന്തമാക്കി.
20 വര്‍ഷം മുമ്പ് അപകടത്തില്‍ ശരീരത്തിന്റെ ചലനശേഷി നഷ്ടമായ പത്തനംതിട്ട മുക്കൂട്ട്തറ സ്വദേശി ബിജു വര്‍ഗീസ് സമാന അവസ്ഥയിലുള്ളവര്‍ക്ക് ഇന്ന് ആശ്രയമാവുകയാണ്. ഭിന്നശേഷിയുള്ളവര്‍ക്ക് ഓടിക്കാന്‍ പാകത്തിന് കാറുകള്‍ പുനരൂപകല്‍പന ചെയ്ത് നല്‍കുന്ന ബിജു വര്‍ഗീസ് ഒരു മാതൃക കര്‍ഷകന് കൂടിയാണ്.
തനിക്ക് നഷ്ടമായെന്നു കരുതിയ പുറം കാഴ്ചകളിലേക്ക് ഒരിക്കല്‍ കൂടി കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് യാത്ര ആരംഭിക്കുകയാണ് ബിജു വര്‍ഗീസ്. 20 വര്‍ഷം മുമ്പുള്ള ബൈക്ക് അപകടം അരക്ക് താഴേക്ക് ചലനശേഷി നഷ്ടമാക്കി. വിധിയോട് സന്ധി ചെയ്യാതെ അവിടെ തുടങ്ങിയപോരാട്ടമാണ് ഇന്ന് ഈ നിലയില്‍ എത്തി നില്ക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും കാറുകള്‍ ഉപയോഗിക്കാന്‍ പാകത്തിന് ബ്രേക്കും ക്ലച്ചും ആക്‌സിലേറ്ററും ഈ രീതിയില്‍ പുനക്രമീകരിക്കാനുള്ള ബിജു വര്‍ഗീസിന്റെ ശ്രമം വിജയിച്ചു. നിയമ തടസ്സങ്ങള്‍ നിരവധി ഉണ്ടായെങ്കിലും ഇത്തരത്തില്‍ വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനുള്ള ലൈസന്‍സ് ബിജു സ്വന്തമാക്കി.
പ്രയത്‌നങ്ങള്‍ക്ക് അംഗീകാരമായി 6 ദേശീയ അവാര്‍ഡുകള്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ ബിജു വര്‍ഗീസിനെ തേടിയെത്തി. ശാരീരിക പരിമിതികള്‍ മാറ്റിവെച്ച് ജൈവകൃഷിയിലും വ്യാപൃതനാണ്. മാതൃക കര്‍ഷകനുള്ള അംഗീകാരങ്ങളും ബിജു വര്‍ഗീസിനെ തേടിയെത്തി. 10,000 മുതല്‍ 25,000 രൂപവരെയാണ് വാഹനങ്ങള്‍ പുനക്രമീകരിക്കുമ്പോഴുള്ള ചിലവ്. നിര്‍ദ്ധനര്‍ക്ക് സൗജന്യമായും ബിജു തന്റെ സേവനം നല്‍കുന്നു. ഭിന്നശേഷിക്കാര്ക്ക് ഇത്തരം വാഹനങ്ങള് രൂപകല്‍പ്പന ചെയ്യുന്നതിന് സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാക്കണമെന്നാണ് ബിജുവിന്റെ ആവശ്യം.