ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കില്ലെന്ന സൂചനയുമായി മുഖ്യമന്ത്രി

ശബരിമലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനാണ് നിരോധനാജ്ഞയും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

Update: 2018-12-05 10:21 GMT
Advertising

ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനാജ്ഞ മൂലം ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസമുണ്ടാകുന്നില്ല. നിയന്ത്രണം നീക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കി. പ്രതിപക്ഷ എം.എല്‍.എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ശബരിമലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനാണ് നിരോധനാജ്ഞയും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ക്രമസമാധാന പ്രശ്നങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. ക്രമീകരണം നീക്കാന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ല. ശബരിമലയില്‍ തീര്‍ത്ഥാടകരെന്ന വ്യാജേന എത്തുന്നവര്‍ നടത്തുന്ന സമരങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിവിധ ചോദ്യങ്ങള്‍ക്കായി മറുപടി നല്‍കി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയില്‍ നടത്തുന്ന സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഏ‌ർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വി.എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുല്ല, എന്‍ ജയരാജ് എന്നീ എം.എല്‍.എമാരാണ് സഭാകവാടത്തില്‍ സത്യഗ്രഹം നടത്തുന്നത്. സമരം മൂന്നാം ദിവസവും തുടരുകയാണ്.

Full View
Tags:    

Similar News