‘കണ്ണൂരിൻ താരകം’; അന്ന് വ്യക്തിപൂജ, ഇന്ന് പ്രചാരണ ഗാനം
കഴിഞ്ഞ പാർട്ടി സമ്മേളന കാലത്താണ് പി.ജയരാജന് ഈ പാട്ട് വിനയായത്.
വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജൻ സി.പി.എം സംസ്ഥാന സമിതിയിൽ വരെ "കണ്ണൂരിൻ താരകമല്ലോ" എന്ന ഗാനത്തിന്‍റെ പേരില്‍ വിമർശനം നേരിട്ടു. വ്യക്തിപൂജയില്‍ അധിഷ്ഠിതമാണ് ഗാനമെന്നായിരുന്നു ആരോപണം. എന്നാൽ ജയരാജൻ സ്ഥാനാർഥിയായതോടെ വേദികളിൽ നിറയുകയാണ് കണ്ണൂരിൻ താരകം.
സി.പി.എം വിലക്കിയ താരകം കണ്ണൂരിന്റെ പരിധി വിട്ട് പരക്കുകയാണ്. പി.ജയരാജനെ പുകഴ്ത്തിയെഴുതിയ പാട്ടാണ് വടകരയിലെ സ്ഥാനാർഥി പര്യടന വേദികളിലെ ഹൈലൈറ്റ്. കഴിഞ്ഞ പാർട്ടി സമ്മേളന കാലത്താണ് പി.ജയരാജന് ഈ പാട്ട് വിനയായത്. പി.ജയരാജനെ പ്രകീർത്തിക്കുന്ന പാട്ട് തടയാൻ ജയരാജൻ ശ്രമിച്ചില്ല എന്നായിരുന്നു സംസ്ഥാന സമിതിയിലെ വിമർശനം.
കണ്ണൂരിലെ പുറച്ചേരി ഗ്രാമീണ വയനശാലയാണ് ഗാനമിറക്കിയത്. ജയരാജൻ സ്ഥാനാർഥി ആയതോടെ പാട്ടിനുള്ള വിലക്കും ഇല്ലാതായി. ഇന്ന് പാർട്ടി വേദികളിലും താരകം താരമാണ്. സ്ഥാനാർഥി ആയി കഴിഞ്ഞാൽ സ്ഥാനാർഥിയെ കുറിച്ച് പാട്ടുണ്ടാക്കണമെന്ന പതിവും ജയരാജന്റെ കാര്യത്തിൽ വേണ്ടി വന്നില്ല.