വോട്ടര്‍പട്ടികയെ ചൊല്ലി വടകരയില്‍ തര്‍ക്കം
യു.ഡി.എഫ് പ്രതിഷേധം പരിശോധിക്കാമെന്ന് തഹസില്‍ദാര്‍
കോഴിക്കോട് വടകരയില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പാറക്കല്‍ അബ്ദുള്ള എം.എല്‍.എയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ വടകര താലൂക്ക് ഓഫീസിലെത്തി പ്രതിഷേധിച്ചത്. പരാതി പരിശോധിക്കാമെന്ന തഹസില്‍ദാരുടെ ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്.
മൂന്നു നിയമസഭാ മണ്ഡലങ്ങളിലെ പുതിയ വോട്ടര്‍മാരാണ് വടകര താലൂക്കില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനായി അപേക്ഷിച്ചിരുന്നത്. 2800 അപേക്ഷകള്‍ ഇവിടെ ലഭിച്ചിരുന്നു. ഇതില്‍ യു.ഡി.എഫ് അനുഭാവികളായ വോട്ടര്‍മാരുടെ അപേക്ഷകള്‍ തള്ളിയെന്നാണ് യു.ഡി.എഫിന്‍റെ ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ് പാറക്കല്‍ അബ്ദുള്ള എം.എല്‍.എയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസിലെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി തര്‍ക്കം ഉടലെടുത്തു.
ഇതിനിടെ പ്രചാരണത്തിലായിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരനും സ്ഥലത്തെത്തി. പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന തഹസില്‍ദാരുടെ ഉറപ്പിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു.