പാനായിക്കുളം കേസ്; കേരള പൊലീസിന്റേത് ഏകപക്ഷീയ മുസ്‌ലിം വേട്ട
പാനായിക്കുളത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയുടെ പേരില്‍ കേരള പൊലീസ് നടത്തിയത് ഏകപക്ഷീയമായ മുസ്‍ലിം വേട്ടയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി.
പാനായിക്കുളത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയുടെ പേരില്‍ കേരള പൊലീസ് നടത്തിയത് ഏകപക്ഷീയമായ മുസ്‍ലിം വേട്ടയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി. മുന്നിലെത്തിയ രേഖകളെക്കാൾ വെബ്സൈറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളെ അനാവശ്യമായി ആശ്രയിച്ചാണ് കീഴ്കോടതി വിധി പറഞ്ഞതെന്നും ഹൈക്കോടതി കണ്ടെത്തി. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന ഇടത് സര്‍ക്കാറാണ് വ്യാജ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം എന്‍.ഐ.എക്ക് കൈമാറിയത്.
2006 ആഗസ്ത് 15ന് സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിംകളുടെ പങ്ക് എന്ന പേരില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറാണ് നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പായി കേരള പൊലീസ് ചിത്രീകരിച്ചത്. രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കെടുക്കൽ, നിയമവിരുദ്ധ കൂട്ടായ്മയിൽ പങ്കാളിയാവൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അറസ്റ്റ് ചെയ്ത 16 മുസ്‍ലിം യുവാക്കള്‍ക്കെതിരെ ചുമത്തിയത്.
മുഗൾ, നിസാം ഭരണകാലമാണ് മികച്ചതെന്നും സിമിക്ക് കീഴിൽ ഇതിനായി പടപൊരുതണമെന്ന് പ്രസംഗിച്ചുവെന്നായിരുന്നു പൊലീസ് കേസ്.ഇതിന്‍റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനാവില്ലെന്നും നിരോധിത സംഘടനയിൽ അംഗമായതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. കൂടുതല്‍ സാക്ഷികളും പൊലീസ് ഉദ്യോഗസ്ഥരാണ്, അവര്‍ പ്രോസിക്യൂഷന് അനുകൂലമായേ സാക്ഷി പറയൂ, സാക്ഷി മൊഴികളിൽ പോലും സ്ഥിരീകരണമില്ല, പല രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കെട്ടിച്ചമയ്ക്കുകയായിരുന്നു എന്നീ കണ്ടെത്തലുകളും കോടതി വിധിയിലുണ്ട്.
കേസ് കെട്ടിച്ചമച്ച് ആലുവ ബിനാനിപുരം പൊലീസും പിന്നീട് എന്‍.ഐ.എയും മുസ്‍ലിം യുവാക്കളെ വേട്ടയാടി എന്ന് വ്യക്തമാക്കുന്നതാണ് ഈ കണ്ടെത്തലുകള്‍. കേസ് രജിസ്റ്റര്‍ ചെയ്ത കേരള പൊലീസിനെയും അന്നത്തെ ഇടത് സര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് കോടതി വിധി.