വടകരയില്‍ രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം
വടകര മണ്ഡലത്തില്‍ കൊല ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ കുടുംബങ്ങളെയാണ് സംഗമത്തില്‍ പങ്കെടുപ്പിക്കുന്നത്.
അക്രമ രാഷ്ട്രീയം സജീവ ചര്‍ച്ചയാകുന്ന വടകരയില്‍ എല്‍.ഡി.എഫ് രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കുന്നു. വടകര മണ്ഡലത്തില്‍ കൊല ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ കുടുംബങ്ങളെയാണ് സംഗമത്തില്‍ പങ്കെടുപ്പിക്കുന്നത്. കോണ്‍ഗ്രസും ആര്‍.എം.പിയും മണ്ഡലത്തിലുടനീളം രക്തസാക്ഷി കുടുംബങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന സംഗമങ്ങള്‍ക്ക് മറുപടിയായാണ് എല്‍.ഡി.എഫിന്‍റെ പരിപാടി.
യു.ഡിഎഫും ആര്‍.എം.പിയും അക്രമ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടിയാണ് വടകര മണ്ഡലത്തില്‍ പ്രചാരണം നയിക്കുന്നത്. മണ്ഡലത്തിലുടനീളം സി.പി.എം പ്രതിസ്ഥാനത്തു വന്ന കൊലപാതകക്കേസുകളിലെ ഇരകളുടെ കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് യു.ഡി.എഫും സംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചത്. ബ്രിട്ടീഷുകാരാല്‍ കൊല്ലപ്പെട്ട അബുവിന്‍റെയും ചാത്തുക്കുട്ടിയുടേയും തുടങ്ങി തൂണേരിയിലെ ഷിബിന്‍ വരെയുള്ള 97 രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും.
നാളെ വൈകിട്ട് അഞ്ച് മണിക്കാരംഭിക്കുന്ന സംഗമം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുക. അക്രമരാഷ്ട്രീയത്തിന്‍റെ വക്താക്കളായി സി.പി.എമ്മിനെ മുദ്രകുത്തി യുഡിഎഫ് നടത്തുന്ന പ്രചാരണത്തെ ഇതിലൂടെ ചെറുക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം.