ശ്രീറാം ഓടിച്ച കാർ കൂടെയുണ്ടായിരുന്ന യുവതിയുടേത്; രാത്രി വിളിച്ച് കാർ ആവശ്യപ്പെട്ടെന്ന് വഫ ഫിറോസ് 

രാത്രി തന്റെ കാർ ആവശ്യപ്പെട്ട് ശ്രീറാം വിളിക്കുകയായിരുന്നുവെന്നും 12.40 ന് താൻ വാഹനം കവടിയാറിൽ എത്തിക്കുകയായിരുന്നുവെന്നും യുവതി

Update: 2019-08-03 08:54 GMT
Advertising

സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനം ശ്രീറാം വെങ്കട്ടരാമന്റെ കൂടെയുണ്ടായിരുന്ന വഫ ഫിറോസിന്റേത്. ഷാഡോ ബ്ലൂ നിറത്തിലുള്ള വോക്‌സ്‌വാഗൻ വെന്റോ ഡീസൽ കാർ, 2013 ആഗസ്തിൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തതാണ്. മുമ്പ് മൂന്നുതവണ ഈ കാർ അമിതവേഗതയടക്കമുള്ള നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ടിരുന്നു.

ഉപരിപഠനത്തിനു ശേഷം രണ്ടാഴ്ച മുമ്പ് വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശ്രീറാം വെങ്കട്ടരാമൻ തിരുവനന്തപുരത്തെ ഒരു ക്ലബ്ബിൽ നടത്തിയ പാർട്ടിക്കു ശേഷം മടങ്ങുന്നതിനിടെയാണ് കെ. ബഷീർ സഞ്ചരിച്ച ബൈക്കിലിടിച്ചത്. മദ്യലഹരിയിലായിരുന്ന വെങ്കട്ടരാമൻ, നിലത്തുവീണ ബഷീറിനെ വാരിയെടുത്ത് കാറിൽ കയറ്റാൻ ശ്രമിച്ചതായി ദൃക്‌സാക്ഷി മൊഴിയുണ്ട്. സ്വന്തം കാർ അപകടത്തിൽ പെട്ടുകിടക്കുകയാണെന്നും ഓടിക്കാൻ കഴിയില്ലെന്നും വഫ പറഞ്ഞതോടെ വെങ്കട്ടരാമൻ ബഷീറിനെ നിലത്തു കിടക്കുകയായിരുന്നു. രക്തം വാർന്നൊഴുകി ഗുരുതരാവസ്ഥയിലായിരുന്ന ബഷീറിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

രാത്രി തന്റെ കാർ ആവശ്യപ്പെട്ട് ശ്രീറാം വിളിക്കുകയായിരുന്നുവെന്നും 12.40 ന് താൻ വാഹനം കവടിയാറിൽ എത്തിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. അപകടം നടന്നയുടൻ, കാറോടിച്ചത് താനായിരുന്നുവെന്ന് പറഞ്ഞ വഫ പിന്നീട് ശ്രീറാമാണ് കാറോടിച്ചത് എന്ന് സാക്ഷിമൊഴികൾ പുറത്തുവന്നതോടെ നിലപാട് മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കവടിയാറിൽ നിന്ന് വാഹനമോടിച്ചത് ശ്രീറാമാണെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വാഹനം അമിതവേഗതയിലായിരുന്നുവെന്നും വഫ മൊഴി നൽകി.

മോഡലും പ്രവാസി വ്യവസായി ഫിറോസിന്റെ ഭാര്യയുമായ വഫ ഫേസ്ബുക്ക് വഴിയാണ് ശ്രീറാമുമായി പരിചയത്തിലാവുന്നത്. അപകടം നടന്നയുടൻ പൊലീസിന്റെ അനുവാദത്തോടെ ശ്രീറാം ഊബർ ടാക്‌സി വിളിച്ച് വഫയെ അതിൽ കയറ്റിവിട്ടു. പിന്നീട് മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഇവരെ വിളിച്ചുവരുത്തി വൈദ്യപരിശോധനക്ക് വിധേയയാക്കി.

Tags:    

Similar News