മഞ്ചിക്കണ്ടിയില്‍ പൊലീസ് വെടിവെപ്പിനിടെ രക്ഷപ്പെട്ട രണ്ട് മാവോയിസ്റ്റുകൾ പിടിയില്‍
അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ പൊലീസ് വെടിവെപ്പിനിടെ കാട്ടിലേക്ക് രക്ഷപ്പെട്ട രണ്ട് മാവോയിസ്റ്റുകൾ പൊലീസ് പിടിയില്‍.
അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ പൊലീസ് വെടിവെപ്പിനിടെ കാട്ടിലേക്ക് രക്ഷപ്പെട്ട രണ്ട് മാവോയിസ്റ്റുകൾ പൊലീസ് പിടിയില്‍. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ദീപക് എന്ന ചന്ദുവിനെയും ശ്രീമതിയേയുമാണ് തമിഴ്നാട് ടാസ്ക് ഫോഴ്സ് പിടികൂടിയത്.
കേരള തമിഴ്നാട് അതിർത്തി പ്രദേശമായ ആനക്കട്ടിക്ക് സമീപം മൂല ഗംഗൽ വനമേഖലയിൽ നിന്ന് രാവിലെ 8 മണിയോടെയാണ് ദീപകിനെയും ഒപ്പമുണ്ടായിരുന്ന വനിതയേയും പിടികൂടിയത്. ആനക്കട്ടിയിൽ തമിഴ്നാട് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്. മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകൾക്കൊപ്പം ദീപകും ഉണ്ടായിരുന്നുവെന്ന് കേരള പോലീസ് പറഞ്ഞിരുന്നു. പൊലീസ് വെടിവെപ്പിനിടെ മൂന്ന് മാവോയിസ്റ്റുകൾ കാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ഇവരിൽ രണ്ട് പേരാണ് ഇപ്പോൾ പിടിയിലായതെന്നാണ് സൂചന. കേരളം തമിഴ്നാട് കർണാടക മേഖലയിലെ മാവോയിസ്റ്റുകൾക്കുള്ള സായുധ പരിശീലകനാണ് ദീപക് എന്നാണ് പൊലീസിന്റെ വിശദീകരണം.
അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പ്രാവീണ്യം നേടിയ ആളാണ് ദീപക് . ഇയാൾ പരിശീലനം നൽകുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പൊലീസ് പുറത്തു വിട്ടിരുന്നു. മഞ്ചിക്കണ്ടിയിൽ നിന്നും പിടിച്ചെടുത്ത ലാപ് ടോപിൽ നിന്നുമാണ് ദൃശ്യങ്ങൾ ലഭിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ദീപകിനെതിരെ തമിഴ്നാട് - കേരള- കർണാടക സംസ്ഥാനങ്ങളിൽ നിരവധി കേസുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഇയാളെ ഇപ്പോൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തമിഴ്നാട് ക്യൂ ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഉടൻ തന്നെ ദീപക്കിനെ ചോദ്യം ചെയ്യാനായി കേരള പൊലീസ് തമിഴ്നാട്ടിലേക്ക് തിരിക്കും.