എറണാകുളം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ വ്യാപക പരിശോധന ആരംഭിച്ചു
സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ആലുവ, ചെല്ലാനം, മുളവുകാട് പ്രദേശങ്ങളിലാണ് ആക്റ്റീവ് സർവെയ്‌ലൻസ് ആരംഭിച്ചത്.
എറണാകുളം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ വ്യാപക പരിശോധന ആരംഭിച്ചു. ആലുവ, ചെല്ലാനം മേഖലകളിൽ നിന്ന് 200ഓളം സാമ്പിളുകളാണ് ഇന്ന് ശേഖരിക്കുക. ചെല്ലാനം മേഖലയിൽ കുടുംബശ്രീ, ആശ പ്രവർത്തകരുടെ സഹായത്തോടു കൂടി ഓരോ വീടുകളിലും നേരിട്ടെത്തി രോഗ ലക്ഷണം ഉള്ള എല്ലാവരെയും പരിശോധിക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്.
ആലുവ മേഖലയിൽ നിന്നും അതിഥി തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനായി പോയ എല്ലാ ടൂറിസ്റ്റ് ബസുകളിലെയും ജീവനക്കാരെ പൊലീസിന്‍റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ രോഗ ലക്ഷണം ഉള്ളവരിൽ ഇന്ന് സാമ്പിളുകൾ ശേഖരിക്കും. കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ ഒന്ന് വരെ ക്രമപ്പെടുത്തിയിട്ടുണ്ട്. ഫോർട്ട് കൊച്ചി, കാളമുക്ക്, മത്സ്യ മാർക്കറ്റുകൾ മുൻകരുതലിനായി അടച്ചിടാൻ ഇന്നലെ തീരുമാനിച്ചിരുന്നു.