കോവിഡ്; മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ മരണം കാസര്‍കോടിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ആരോഗ്യ വകുപ്പ്
കര്‍ണാടക ഹുബ്ലിയില്‍ നിന്നും കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ കേരളാ അതിര്‍ത്തിക്കകത്ത് വെച്ച് തിങ്കളാഴ്ചയായിരുന്നു ബി എം അബ്ദുറഹ്മാന്‍ മരിച്ചത്.
കോവിഡ് ബാധിച്ച് മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ മരണം കാസര്‍കോടിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ആരോഗ്യ വകുപ്പ്. കര്‍ണാടക ഹുബ്ലിയില്‍ നിന്നും കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ കേരളാ അതിര്‍ത്തിക്കകത്ത് വെച്ച് തിങ്കളാഴ്ചയായിരുന്നു ബി എം അബ്ദുറഹ്മാന്‍ മരിച്ചത്. എന്നാല്‍ ജില്ലയില്‍ ചികിത്സ തേടുകയോ നിരീക്ഷണത്തിലിരിക്കു കയോടെ ചെയ്യാത്ത വ്യക്തിയുടെ മരണം കാസര്‍കോട്ടെ കോവിഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാവില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
രണ്ട് ബന്ധുക്കളോടൊപ്പം കര്‍ണാടക ഹുബ്ലിയില്‍ നിന്നും കാറില്‍ കാസര്‍കോട്ടേക്ക് വന്ന ബി.എം അബ്ദുറഹ്മാന്‍ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് കണ്ടെത്തിയിരുന്നു. പിന്നീട് പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലെ ലാബില്‍ നടത്തിയ പരിശോധന ഫലവും പോസ്റ്റീവ്.
ഇതോടെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഖബറടക്കം നടത്തി. സാമൂഹ്യ പ്രവര്‍ത്തകരുടെ സഹകരണത്തോടെ മൊഗ്രാല്‍പുത്തൂര്‍ പറപ്പാടി ജുമാമസ്ജിദിലാണ് ഖബറടക്കിയത്. ഇദ്ദേഹത്തിനൊപ്പം ഹുബ്ലിയില്‍ നിന്നും കാറില്‍ വന്ന മറ്റ് രണ്ട് ബന്ധുക്കളെ ചൊവ്വാഴ്ച തന്നെ നിരീക്ഷണത്തിലേക്ക് മാറ്റി. ഹുബ്ലിയില്‍ നിന്ന് തന്നെ അബ്ദുറഹ്മാന് പനി അനുഭവപ്പെട്ടിരുന്നു. യാത്രക്കിടെ പനി കൂടിയതോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഹുബ്ലിയില്‍ നിന്നും തലപ്പാടിയിലേക്ക് ഒരു വാഹനത്തിലും അവിടെ നിന്നും കാസര്‍കോട്ടേക്ക് മറ്റൊരു വാഹനത്തിലുമാണ് എത്തിയത്. ജില്ലയില്‍ കോവിഡ് ചികിത്സ തേടുകയോ നിരീക്ഷണത്തിലിരിക്കുകയോ ചെയ്യാത്ത വ്യക്തിയായതിനാല്‍ കാസര്‍കോടിന്റെ കോവിഡ് ലിസ്റ്റില്‍ മരണത്തെ ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടിലാണ് ജില്ലാ ആരോഗ്യവിഭാഗം. കേരള അതിര്‍ത്തിക്കകത്ത് വെച്ച് മരണപ്പെട്ടതിനാല്‍ കര്‍ണാടകയുടെ ലിസ്റ്റിലും ഈ മരണം ഉള്‍പ്പെടില്ല.