തിരിച്ചു പോകുന്ന പ്രവാസികളെ വന്ദേ ഭാരത് മിഷൻ കൊള്ളയടിക്കരുത് - പ്രവാസി വെൽഫെയർ ഫോറം

പ്രതിസന്ധിഘട്ടത്തിൽ എയർ ഇന്ത്യക്ക് ലാഭമുണ്ടാക്കാനുള്ള ഗൂഢനീക്കം അനുവദിക്കില്ല

Update: 2020-07-10 14:28 GMT
Advertising

കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയവർക്ക് നാട്ടിൽ നിന്ന് തിരിച്ചു പോകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്ന വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കരുതെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. സാധാരണ നിരക്ക് മാത്രം ഈടാക്കി സർവീസ് നടത്തണം. മറ്റു വിമാന കമ്പനികൾക്കും നിയന്ത്രണങ്ങളോടെ സാധാരണ സർവീസ് നടത്താൻ അനുമതി നൽകണം.

തിരിച്ചു പോകുന്ന വിമാനങ്ങളെ പ്രയോജനപ്പെടുത്തി കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് യാത്രാ സൗകര്യമൊരുക്കണം. നേരത്തെ ടിക്കറ്റ് എടുത്ത് വെച്ചവർക്ക് മുൻഗണന നൽകി അതേ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുവാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിഘട്ടത്തിൽ എയർ ഇന്ത്യക്ക് ലാഭമുണ്ടാക്കാനുള്ള ഗൂഢനീക്കം അനുവദിക്കില്ല. കോവിഡ് ലോക്ക്ഡൗൺ കാലത്ത് വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളെ നാട്ടിലേക്ക് കൊണ്ട് വരാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ 'വന്ദേ ഭാരത് മിഷൻ' വിമാനങ്ങളിൽ നേരത്തെ എടുത്ത എയർ ഇന്ത്യ ടിക്കറ്റുകൾ ഉപയോഗിക്കാൻ അനുവദിക്കാതെ പുതിയ ടിക്കറ്റ് എടുക്കണമെന്നുമുള്ള നിബന്ധന നിരവധി പ്രവാസി യാത്രക്കാരെ പ്രയാസത്തിലാക്കിയിരുന്നു. ഇപ്പോൾ ഇന്ത്യയിൽ നിന്ന് പ്രവാസികളെ തിരിച്ചു കൊണ്ട് പോകാൻ വേണ്ടിയും ഇതേ ചൂഷണ നാടകം നടത്താൻ വേണ്ടിയാണ് കേന്ദ്രസർക്കാർ നീക്കം അദ്ദേഹം കൂട്ടിചേര്‍ത്തു.

ഈ യാത്രയ്ക്കും ഹോൾഡിങ് ടിക്കറ്റുകൾ പരിഗണിക്കില്ല എന്നു പറഞ്ഞു പുതിയ ടിക്കറ്റ് വാങ്ങിപ്പിക്കുന്നത് കൊള്ളയാണ്. ജോലിയില്ലാതെ മാസങ്ങളായി നാട്ടിൽ കുടുങ്ങിയവരാണ്‌ മിക്ക പ്രവാസികളും. മുൻകൂട്ടി എടുത്ത ടിക്കറ്റുകൾ 2021 മാർച്ച് വരെ ഉപയോഗിക്കാം എന്ന് പറയുന്നുണ്ടെങ്കിലും പുതിയ ടിക്കറ്റ് ഇനത്തിൽ വൻ തുകയാണ് വീണ്ടും ഇവർ ചെലവഴിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ നേരത്തെ ടിക്കറ്റ് എടുത്തവരെ അതേ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുവാൻ അനുവദിക്കണമെന്നും പ്രവാസികളുടെ ന്യായമായ ഈ ആവശ്യത്തിൽ പൊതു സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    

Similar News