സ്വാതന്ത്ര്യ സമരചരിത്രത്തിലെ ജ്വലിക്കുന്ന ഏട്; പാണ്ടിക്കാട് യുദ്ധത്തിന് 99 വർഷം

1921 നവംബർ 14നാണ് പാണ്ടിക്കാട് ഗൂര്‍ഖ പട്ടാളക്യാമ്പിന് നേരെ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ചെമ്പ്രശ്ശേരി തങ്ങളുടെയും ആസൂത്രണത്തില്‍ ആക്രമണം നടക്കുന്നത്

Update: 2021-07-17 18:56 GMT
Advertising

മലബാറിലെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളിലൊന്നായ പാണ്ടിക്കാട് ചന്തപ്പുര യുദ്ധത്തിന് 99 വർഷം. 1921 നവംബർ 14നാണ് പാണ്ടിക്കാട് ഗൂര്‍ഖ പട്ടാളക്യാമ്പിന് നേരെ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ചെമ്പ്രശ്ശേരി തങ്ങളുടെയും ആസൂത്രണത്തില്‍ ആക്രമണം നടക്കുന്നത്.

പോരാട്ടത്തിന്‍റെ ആരംഭം അവസാനത്തില്‍

1921ലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്‍റെ ഏറ്റവും ഒടുവിലെ പോരാട്ടങ്ങളിലൊന്നായാണ് പാണ്ടിക്കാട് ചന്തപ്പുര യുദ്ധം നടക്കുന്നത്. ആഗസ്റ്റില്‍ തുടങ്ങിയ ബ്രിട്ടീഷുകാര്‍ക്കെതിരായ സമരപരമ്പര പിന്നീട് മൂന്നാറ് മാസം കഴിഞ്ഞ് നവംബറിലേക്കെത്തുന്ന ഘട്ടത്തിലാണ് പാണ്ടിക്കാട് യുദ്ധം നടക്കുന്നത്.

ഇന്ന് പാണ്ടിക്കാട് പട്ടണത്തിന്‍റെ പടിഞ്ഞാറുള്ള മഞ്ചേരി റോഡിലെ ഇപ്പോഴത്തെ ബസ് സ്റ്റാന്‍റിന്‍റെ ഭാഗത്തെ മൊയ്ദുണ്ണി പാടത്ത് വെച്ചാണ് യുദ്ധം നടക്കുന്നത്. അന്ന് ആ പ്രദേശത്ത് മണ്ണ് കൊണ്ട് നിര്‍മ്മിച്ച വലിയ ചന്തപ്പുരയായിരുന്നു നിലനിന്നിരുന്നത്. ഇവിടെയായിരുന്നു ബ്രിട്ടീഷ് സൈന്യത്തിന്‍റെ ഏറ്റവും ക്രൂരരായ സൈനിക വിഭാഗമായ ഗൂര്‍ഖ പട്ടാളം തമ്പടിച്ചിരുന്നത്. 1921 നവംബര്‍ 13ന് ഇശാഅ് നമസ്കാരം കഴിഞ്ഞുള്ള സമയമാണ് വിപ്ലവകാരികള്‍ പ്രദേശത്ത് തമ്പടിച്ചിട്ട് ആക്രമണം ആസൂത്രണം ചെയ്യുന്നത്. പരിസര പ്രദേശങ്ങളായ കരുവാരകുണ്ട്, കീഴാറ്റൂര്‍, നെന്മിനി, ആനക്കയം, പന്തല്ലൂര്‍, നെല്ലിക്കുത്ത്, പോരൂര്‍, വണ്ടൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പോരാളികള്‍ ചന്തപ്പുരക്ക് സമീപമുള്ള നിരവധി പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്തു. പോരാളികളെ സായുധമായി സംഘടിപ്പിക്കുകയും പരിശീലനം നല്‍കുകയും ചെയ്തതിന് ശേഷമാണ് മാപ്പിള സമരക്കാര്‍ യുദ്ധത്തിന് സജ്ജരായി ഇറങ്ങിയത്. ബ്രിട്ടിഷ് പട്ടാളത്തിന് പക്ഷേ മാപ്പിളപോരാളികളുടെ ഈ വലിയ ആസൂത്രണവും ആക്രമണവും നേരത്തെ അറിയാന്‍ സാധിച്ചില്ല എന്നത് അത്ഭുതകരമായ കാര്യമായിരുന്നു.

1921 നവംബര്‍ 14ന് പുലര്‍ച്ചെ സുബഹി സമയത്താണ് ആക്രമണം നടക്കുന്നത്. ചന്തപ്പുരയില്‍ വലിയ മണ്‍മതിലിനോട് അടുപ്പിച്ചാണ് ഗൂര്‍ഖപട്ടാളം കഴിഞ്ഞിരുന്നത്. പട്ടാളക്കാര്‍ ഉറങ്ങികിടക്കുന്ന പുലര്‍ച്ചെ ഈ മണ്‍ചുമര്‍ തള്ളിമാറ്റിയ 400ന് മുകളിലെ പോരാളികള്‍ ഉറങ്ങി കിടന്ന ബ്രിട്ടീഷ് ഗൂര്‍ഖപട്ടാളത്തിന് നേരെ മിന്നല്‍ പിണര് പോലെ ആക്രമണം അഴിച്ചുവിട്ടു. പൂക്കോട്ടൂര്‍ യുദ്ധത്തിന് ശേഷം ബ്രിട്ടീഷ് പട്ടാളത്തിന് വലിയ ആള്‍ നാശം സംഭവിച്ച യുദ്ധം കൂടിയാണ് പാണ്ടിക്കാട് യുദ്ധം. ഗൂര്‍ഖ പട്ടാളത്തിന്‍റെ ക്യാപ്റ്റനായ ആവ്റേലിനെ അടക്കം അഞ്ച് പട്ടാളക്കാരെ മാപ്പിള പോരാളികള്‍ വധിച്ചു. 34 പട്ടാളക്കാര്‍ക്ക് വലിയ പരിക്ക് പറ്റിയതായും ചരിത്രം പറയുന്നു. അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയില്‍ പതറിപോയ ഗൂര്‍ഖപട്ടാളം ഉടനെ തന്നെ സംഘടിച്ച് മാപ്പിളപോരാളികളെ ആക്രമിക്കുകയും ഇത് പിന്നീട് വലിയ ആള്‍നാശത്തിലേക്ക് നയിക്കുകയും ചെയ്തു. ഗൂര്‍ഖ പട്ടാളത്തിന്‍റെ കൈയ്യിലുണ്ടായിരുന്ന 'കുക്രി' എന്ന ആയുധവും മെഷീന്‍ ഗണ്ണും മാപ്പിള പോരാളികളുടെ മരണസംഖ്യ വര്‍ധിക്കുന്നതിന് കാരണമായി. 314 മാപ്പിള പോരാളികളാണ് രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന പാണ്ടിക്കാട് യുദ്ധത്തില്‍ രക്തസാക്ഷിയായത്.

യുദ്ധത്തില്‍ രക്തസാക്ഷികളായ പോരാളികളെ കൂട്ടിയിട്ട്​ കത്തിച്ച പ്രദേശം. ആൽമരവും കാടുമൂടിയ കുളവും കാണാം.

രക്തസാക്ഷികള്‍ക്ക് സംഭവിച്ചത്...

യുദ്ധത്തില്‍ മരിച്ച 300ന് മുകളില്‍ മാപ്പിള പോരാളികളുടെ മൃതദേഹങ്ങള്‍ ബസ് സ്റ്റാന്‍റിന് സമീപത്തെ വയലില്‍ കൂട്ടിയിട്ടിരുന്നതായി ചരിത്രകാരന്‍ അലവി കക്കാടന്‍ പറയുന്നു. അന്ന് അതിന് തീകൊളുത്താനും കൂട്ടിയിട്ട് കത്തിക്കാനും ബ്രിട്ടീഷ് പട്ടാളം ചുമതലപ്പെടുത്തിയത് ഒരു മുസ്‍ലിമിനെയായിരുന്നു. ഒരു കൂട്ടം മൃതദേഹങ്ങള്‍ക്ക് തീകത്തിച്ച് മടങ്ങിവരും വഴി ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തിന് നേരെയും ബോംബെറിഞ്ഞ് ആ മൃതദേഹങ്ങള്‍ക്കൊപ്പം വെണ്ണീറാക്കിയതായി അലവി കക്കാടന്‍ പറയുന്നു. അതെ സമയം അദ്ദേഹം ബ്രിട്ടീഷ് അനുകൂലിയാണെന്നും അതല്ല നിര്‍ബന്ധിച്ച് തീകൊളുത്താന്‍ നിയോഗിച്ചതാണെന്നും വാദങ്ങളുമുണ്ട്.

യുദ്ധം ആസൂത്രണം ചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും സംഭവം നടന്ന ചന്തപ്പുരക്ക് പരിസരത്ത് തന്നെ നിലയുറപ്പിച്ചിരുന്നതായി ചരിത്രം പറയുന്നു. മുക്രി അയമു, പയ്യനാടന്‍ മോയീന്‍ എന്നിവര്‍ സജീവമായി ആസൂത്രണത്തില്‍ കൂടെ നിന്നു.

അവസാനം...

1922 ജനുവരി ആറിന് കുഞ്ഞഹമ്മദ് ഹാജി പിടിക്കപ്പെട്ടു. 14 ദിവസങ്ങള്‍ക്കുശേഷം ഹാജിയെയും ചെമ്പ്രശേരി തങ്ങളെയും മലപ്പുറം കോട്ടക്കുന്നിലെ കുന്നിന്‍ചെരുവില്‍ വെച്ച് ബ്രിട്ടീഷ് പട്ടാളം വെടിവെച്ചുകൊലപ്പെടുത്തി.

യുദ്ധം നടന്ന മൊയ്​ദുണ്ണി പാടവും മൊയ്​തുണ്ണി കുളവും മാത്രമാണ് യുദ്ധത്തിന്‍റെ അവശേഷിപ്പായി ഇന്ന് നിലനില്‍ക്കുന്നത്.

'എന്‍റെ പാണ്ടിക്കാട്'​ കൂട്ടായ്മയുടെ നേതൃത്വത്തിൽ 2019ൽ സ്​ഥാപിച്ച രണ്ട്​ സൈൻ ബോർഡുകളും ചത്വരവുമാണ് ഇവിടെ നിലനില്‍ക്കുന്ന​ ആകെയുള്ള യുദ്ധസ്മാരകം.

Tags:    

By - ഇജാസുല്‍ ഹഖ്

contributor

Similar News