''കണ്ണൂരൊക്കെ പണ്ട് പുതിയാപ്പിളമാര് വീട്ടിലേക്ക് വരുമ്പോ അളിയന്മാര് കാല് കഴുകാന് വെള്ളൊഴിച്ചു കൊടുക്കും...''

ഇ. ശ്രീധരന്‍റെ കാലു കഴുകി വന്ദിച്ചതിനെ ന്യായീകരിച്ച് അബ്ദുള്ളക്കുട്ടി

Update: 2021-03-20 14:03 GMT
Advertising

പാലക്കാട്ട് നല്‍കിയ സ്വീകരണ ചടങ്ങില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരനെ മാലയിട്ട് സ്വീകരിക്കുന്നതിന് പുറമെ കാല്‍ കഴുകല്‍ ചടങ്ങും നടത്തിയതിനെ ന്യായീകരിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. ശ്രീധരന്‍റെ കാല്‍ കഴുകുന്നതിന് പുറമെ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ മുട്ടുകുത്തി വണങ്ങുന്നതും തൊട്ട് തൊഴുന്നതും നമസ്കരിക്കുന്നതുമായ ചിത്രങ്ങളും പുറത്തുവന്നിരുന്നു. സവര്‍ണ മനോഭാവമാണ് ഈ ശ്രീധരനെന്ന് ചൂണ്ടിക്കാണിച്ച് സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയരുന്നതിനിടെയാണ് സംഭവത്തെ അനുകൂലിച്ച് കൊണ്ട് അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.

ഞങ്ങളെ കണ്ണൂരൊക്കെ പണ്ട് പുതിയാപ്പിളമാര് വീട്ടിലേക്ക് വരുമ്പോ നമ്മള് അളിയന്മാര് പോയിട്ട് കാല് കഴുകാന് വെള്ളൊഴിച്ചു കൊടുക്കും. അത് മലപ്പുറത്തുണ്ടോ എന്ന് എനിക്ക് അറിഞ്ഞൂട. പല ആചാരങ്ങളും ശീലങ്ങളുമൊക്കെ നമ്മുടെ നാട്ടില്‍ പല ഭാഗത്തും നിലനില്‍ക്കുന്നുണ്ട്. ചിലയിടത്ത് അത് മാറിപ്പോയിട്ടുണ്ടെന്നും അബ്ദുള്ള കുട്ടി പറഞ്ഞു.

കാലുതൊട്ട് വന്ദിക്കലും ബഹുമാനിക്കലും എല്ലാം നമ്മുടെ ഒരു ആചാര രീതികളാണ്. ലോകം മുഴുവനും കെട്ടിപ്പിടിച്ചുകൊണ്ടിരുന്നവര്‍, ഷെയ്ക്ക്ഹാന്റ് കൊടുത്തോണ്ടിരുന്നവര്‍ എല്ലാം കൊറോണ വന്നപ്പോള്‍ നമസ്തേ പറയാന്‍ തുടങ്ങിയില്ലേ. അതുപോലെ നമുക്കിതിനെ അനുകൂലിക്കുകയും വിമര്‍ശിക്കുകയും ചെയ്യാം. അത് അത്ര വിവാദമാക്കേണ്ട വിഷയമില്ല. ഇ ശ്രീധരന്‍ കാല് തൊട്ട് വന്ദിക്കാന്‍ മാത്രം അര്‍ഹതയുള്ള ഒരു മഹാ പ്രതിഭയാണ്. ടെക്നോക്രാറ്റാണ്. നമ്മുടെ നാട്ടില് തങ്ങന്മാരെ കണ്ടാല്‍ കൈ പിടിച്ച് മുത്തുന്നില്ലേ- അതുപോലെ കണ്ടാല്‍ മതി ഇതിനെയും എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

കാല് കഴുകുന്നതുമായി ബന്ധപ്പെട്ട് എനിക്ക് ഏറ്റവും വലിയ ആദരവ് തോന്നിയ ഒരു സംഗതി ഇന്ത്യന്‍ പ്രധാനമന്ത്രി സ്വച്ഛ്ഭാരത് കാമ്പയിനിന്റെ ഭാഗമായി, ഗുജറാത്തിലെ ഒരു മുനിസിപ്പാലിറ്റി ജീവനക്കാരുടെ കാല് കഴുകി തുടച്ച സംഭവം നമ്മുടെ മുമ്പിലുണ്ട്. അതുപോലെ ഇതിനെ പോസിറ്റീവായി കണ്ടാല്‍ മതിയെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News