"കമ്മ്യൂണിസ്റ്റുകാരൻ മോശമായാൽ കെട്ട മുട്ട പോലെ": കോടിയേരി ബാലകൃഷ്ണൻ

എൽ.ഡി.എഫ് ഇത്തവണ സീറ്റെണ്ണം മൂന്നക്കം ആക്കാനാണ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ.

Update: 2021-03-21 03:23 GMT
Advertising

എൽ.ഡി.എഫ് ഇത്തവണ സീറ്റെണ്ണം മൂന്നക്കം ആക്കാനാണ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ. "ഞങ്ങൾക്ക്​ ഇപ്പോൾ 95 സീറ്റുണ്ട്​. ആ സീറ്റ്​ വർധിക്കും. എൽ.​ഡി.എഫിന്​ ഇപ്പോൾ രണ്ടക്കം ആണെങ്കിൽ അത്​ മൂന്നക്കം ആക്കാനാണ്​ പരിശ്രമിക്കുന്നത്​. നല്ല അംഗബലമുള്ള എൽ.ഡി.എഫ്​ വേണം." മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

വിശ്വാസി സംരക്ഷണമാണ് സി.പി.എം നിലപാടെന്ന് കോടിയേരി പറഞ്ഞു. ശബരിമല യുവതീപ്രവേശമായാലും പള്ളിയുടെ കാര്യമായാലും സി.പി.എം നിലപാട് വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണം എന്നതാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണയുണ്ടെന്ന ആരോപണനങ്ങളെ അദ്ദേഹം നിഷേധിച്ചു.

"സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീലെന്ന്​ പറയാൻ കേരളത്തിൽ ആർക്കാണ്​ സാധിക്കുക? ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസുമായി സഹകരിക്കുന്ന പാർട്ടിയാണ്​ സി.പി.എം. അത്​ രഹസ്യമായി എടുത്തതല്ല. പാർട്ടി കോൺഗ്രസ്​ ചർച്ച ചെയ്​തെടുത്ത തീരുമാനമാണ്​. സി.പി.എമ്മിന്​ ഒരിക്കലും ആർ.എസ്​.എസുമായി രാഷ്​ട്രീയമായും പ്രത്യയശാസ്​ത്രപരമായും യോജിക്കാൻ സാധിക്കുകയില്ല."

എക്കാലത്തും പാർട്ടി നിലപാട് യു.എ.പി.എക്ക് എതിരാണെന്നും കോഴിക്കോട് അറസ്റ്റിലായ രണ്ട് വിദ്യാർഥികൾ സി.പി.എമ്മുകാരല്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിനുള്ളിൽ പ്രവർത്തിച്ച് മാവോവാദം നടത്തുന്നവരായിരുന്നു അവരെന്നും കോടിയേരി പറഞ്ഞു. സി.പി.എം ഒരിക്കലും ഇസ്ലാം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമില്ലെന്നും തങ്ങൾ എവിടെ ആയാലും ന്യൂനപക്ഷ സംരക്ഷകരാണെന്നും അദ്ദേഹം പറഞ്ഞു. ഇത് വോട്ട് കിട്ടാനുള്ള നിലപാടല്ലെന്നും വോട്ട് ചെയ്യണോ വേണ്ടേയെന്നു തീരുമാനിക്കേണ്ടത് അവരാണെന്നും കോടിയേരി വ്യക്തമാക്കി.

"കമ്മ്യൂണിസ്റ്റ്​ പാർട്ടിക്ക്​ അകത്തും അവസരവാദികളുണ്ടാവും. ഈ വഞ്ചകന്മാർ ഈ നിലപാട്​ സ്വീകരിക്കുന്നതോടെ കമ്മ്യൂണിസ്​റ്റുകൾ അല്ലാതായിക്കഴിഞ്ഞു. കമ്മ്യൂണിസ്​റ്റുകാരൻ മോശമായാൽ, കെട്ട മുട്ട പോലെ വളരെ മോശമായിരിക്കും." - സി.പി.എം , സി.പി.ഐ നേതാക്കൾ എൻ.ഡി.എ സ്ഥാനാർഥികളായി മാറിയതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News