'കടകംപള്ളിയെ അപമാനിച്ചു'; ശോഭ സുരേന്ദ്രനെതിരെ പരാതി
കടകംപള്ളി സുരേന്ദ്രനെ അപമാനിച്ചെന്നും മതത്തിന്‍റെ പേരില്‍ വോട്ട് ചോദിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ അപമാനിച്ചെന്നും മതത്തിന്‍റെ പേരില്‍ വോട്ട് ചോദിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. വഞ്ചിയൂര്‍ സ്വദേശി സജിയാണ് പരാതി നല്‍കിയത്.
മാര്‍ച്ച് മാസം 17,18 തിയ്യതികളില്‍ കഴക്കൂട്ടത്തെ ശോഭ സുരേന്ദ്രന്‍ സ്വകാര്യ ചാനലിലൂടെ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വിശ്വാസ സംരക്ഷണത്തിന് നിന്നവരും വിശ്വാസ ഘാതകരും തമ്മിലുള്ള പോരാട്ടമാണ് കഴക്കൂട്ടത്ത് നടക്കുന്നതെന്ന് ശോഭ സുരേന്ദ്രന്‍ പറയുകയുണ്ടായി. മാർച്ച് 18ന് കടകംപള്ളി സുരേന്ദ്രനെ പൂതനയോട് ഉപമിച്ചും ബിജെപിക്ക് വോട്ട് ചെയ്യുന്നവരെ ശ്രീകൃഷ്ണനോട് ഉപമിച്ചും ശോഭ സുരേന്ദ്രന്‍ പരാമര്‍ശം നടത്തി. കടകംപള്ളി സുരേന്ദ്രനെ വ്യക്തിപരമായി അതിക്ഷേപിക്കുന്നതാണ് ഇത്തരം പരാമര്‍ശങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് സജി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ശോഭ സുരേന്ദ്രന്‍റെ പരാമര്‍ശം ജനം വിലയിരുത്തുമെന്നായിരുന്നു കടകംപള്ളിയുടെ മറുപടി.