കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി: കെ സി റോസക്കുട്ടി ടീച്ചർ രാജി വെച്ചു

ഗ്രൂപ്പ് പോരിൽ മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു

Update: 2021-03-22 07:16 GMT
Advertising

കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. വയനാട്ടില്‍നിന്നുള്ള എഐസിസി അംഗവും കെപിസിസി വൈസ് പ്രസിഡന്‍റുമായ കെ.സി റോസക്കുട്ടി ടീച്ചർ രാജിവെച്ചു. മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും മുൻ എംഎൽഎയുമായിരുന്നു.

ഗ്രൂപ്പ് പോരിൽ മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. ഇനിയും തുടരാൻ കഴിയില്ല. ഹൈക്കമാൻഡ് വരെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1991 ൽ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു അവര്‍. 95-96 കാലഘത്തിൽ സ്വകാര്യ ബില്ലുകളുടെയും പ്രമേയങ്ങളുടേയും സമിതി അധ്യക്ഷയായിരുന്നു. നാലു വർഷം സ്‌ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു. 2001 മുതൽ 2012 വരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി യുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 2012 ഏപ്രിൽ മുതൽ കേരള സർക്കാരിന്‍റെ കീഴിലുള്ള വനിത കമ്മീഷൻ അധ്യക്ഷയായി പ്രവര്‍ത്തിച്ചിരുന്നു.

സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന് പിന്തുണയുമായി നേരത്തെ റോസക്കുട്ടി ടീച്ചര്‍ രംഗത്തുവന്നിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News