വിജിലന്‍സ് രാഷ്ട്രീയം കളിക്കുന്നു; അനധികൃതമായി ഒരു സ്വത്തും തന്‍റെ പേരിലില്ലെന്ന് കെ.എം ഷാജി
166 ശതമാനത്തോളം അധിക വരുമാനം ഷാജിക്കുണ്ടെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.
വിജിലൻസ് രാഷ്ട്രീയം കളിക്കുകയാണെന്ന് അഴീക്കോട് എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം ഷാജി. അനധികൃതമായി ഒരു സ്വത്തും തന്‍റെ പേരിലില്ലെന്നും വിജിലൻസ് തന്നെ പിന്തുടരുന്നതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നും കെ.എം ഷാജി ആരോപിച്ചു. എന്ത് കളിയുണ്ടായാലും കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും ഷാജി പറഞ്ഞു.
തന്‍റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണെന്നും ഷാജി വ്യക്തമാക്കി. പക്ഷെ ഇതൊന്നും സത്യസന്ധമായ അന്വേഷണമല്ല. തന്നെ കുടുക്കാന്‍ വേണ്ടി നടക്കുന്ന അന്വേഷണമാണ്. അതിനു മുന്നില്‍ മുട്ടുമടക്കി നില്‍ക്കാതെ നിയമപരമായി തന്നെ നേരിടുമെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
പൊതുപ്രവർത്തകനായ അഡ്വ.എം.ആര്‍.ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ.എം ഷാജിക്കെതിരെ വിജിലന്‍സിന്‍റെ സ്‌പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്.
ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഏകദേശം 166 ശതമാനത്തോളം അധിക വരുമാനം ഷാജിക്കുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.